കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയുണ്ടായ വിമാനാപകടം വലിയ ദുരന്തമെന്ന് എല്ലാവരും വിശേഷിപ്പിച്ചെങ്കിലും മരണസംഖ്യ കുറഞ്ഞത് ഏറെ ആശ്വാസമായിരുന്നു. മരണ സംഖ്യ കുറക്കാനായത് വിമാനത്തില്‍ തീ പടരാത്തത് കൊണ്ടാണെന്ന് ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞ കാര്യമാണ്. വിമാനം നിലംപതിച്ച സമയത്ത് പ്രദേശത്ത് മഴ ഉണ്ടായിരുന്നത് കൊണ്ട് മാത്രമല്ല വിമാനത്തിന് തീപിടിക്കാതിരുന്നത്, അത് ഓസ്‌ട്രേലിയന്‍ നിര്‍മിതമായ അഗ്നി ശമന വാഹനത്തിന്റെ സഹായം കൊണ്ട് കൂടിയാണ്.
ഓസ്ട്രിയന്‍ നിര്‍മാണ കമ്പനിയായ റോസെന്‍ബൗറാണ് റോസെന്‍ബൗര്‍ പാന്തര്‍ എന്ന വാഹനത്തിന്റെ സംരംഭകര്‍. കേരളത്തില്‍ ഈ അത്യാധുനിക അഗ്നിശമനാ വാഹനം എത്തിച്ചത് 10 കോടി രൂപ മുതല്‍ മുടക്കിയാണ്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ തന്നെ ഇത്തരം നാല് വാഹനങ്ങളാണുള്ളത്. എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ തന്നെ ഫയര്‍ യുണീറ്റെല്ലാം തയാറായിരിക്കും.
കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തപ്പോഴും ഒരു യൂണിറ്റ് വാഹനം വിമാനത്തെ പിന്തുടരുന്നുണ്ടായിരുന്നു. കാരണം, ഇന്ധനം അന്തരീക്ഷ ഊഷ്മാവുമായി യോജിച്ചാല്‍ വിമാനം തീ പിടിക്കാനുള്ള സാധ്യത ഏറെയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫിലിം ഫോര്‍മാറ്റിംങ് ഫോഗ് (Film Formatting Fog-FFF1) പുറപ്പെടുവിക്കാന്‍ പാന്തറിന് കഴിഞ്ഞതിനാല്‍ വന്‍ അപകടം നടക്കേണ്ടിയിരുന്ന സ്ഥാനത്ത് മരണസംഖ്യയെ 18 ആക്കി ചുരുക്കാനായി.
ഒരു പാന്തര്‍ വാഹനത്തില്‍ 10,000 ലിറ്റര്‍ വരെ വെള്ളവും, 1,300 ലിറ്റര്‍ ഫോമിങ് ദ്രാവകവും സൂക്ഷിക്കാനാവും. തകര്‍ന്ന വിമാനത്തില്‍ നിന്ന് ഇന്ധനം പുറത്തേക്ക് ഒഴുകിയെങ്കിലും പാന്തറിന്റെ ഇടപെടലോടെ അപകടം ഒഴിവാക്കാനായി.
Content Highlight: ‘Austrian Panther’ that saved crashed AI Express from fire