ശുചീകരണത്തിന് നിയോഗിച്ച തടവുകാർക്കും കൊവിഡ്; സംസ്ഥാനത്തെ ജയിൽ ആസ്ഥാനം അടച്ചു 

prisons headquarters in Kerala closed due to covid spread

ശുചീകരണത്തിന് നിയോഗിച്ച തടവുകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ജയിൽ ആസ്ഥാനം അടച്ചു. അണുനശീകരണം നടത്താനാണ് ആസ്ഥാനം അടച്ചിടുന്നതെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നുള്ള രണ്ട് പേർ ജയിൽ ആസ്ഥാന കാര്യാലയത്തിൽ ശുചീകരണത്തിനായി എത്തിയിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ആരോഗ്യ വകുപ്പിൻ്റെ നിർദേശത്തെ തുടർന്നാണ് ജയിൽ ആസ്ഥാനം 3 ദിവസത്തേക്ക് അടച്ചിടുന്നത്. 

അതേ സമയം പൂജപ്പുര സെൻട്രൽ ജയിലിലുള്ള കൂടുതൽ പേർക്ക് കൊവിഡ് പോസിറ്റീവായി. തടവുകാർക്കും ഉദ്യോഗസ്ഥർക്കുമടക്കം 41 പേർക്കു കൂടിയാണ് കൊവിഡ് ബാധിച്ചത്. ഇതോടെ സെൻട്രൽ ജയിലിൽ കൊവിഡ് ബാധിച്ച തടവുകാരുടെ എണ്ണം 101 ആയി. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. 1200 ഓളം തടവുകാരാണ് ഇവിടെയുള്ളത്.  

content highlights: prisons headquarters in Kerala closed due to covid spread