ചന്ദ്രനിലേക്കുള്ള ഇഷ്ടിക നിർമിക്കാൻ മൂത്രം ഉപയോഗിക്കുന്നു; നൂതന സംരംഭവുമായി ഇന്ത്യൻ ഗവേഷകർ

Indian Scientists Make Space Bricks With Urea For Buildings On Moon

ചന്ദ്രനിൽ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ മനുഷ്യൻ്റെ മൂത്രവും ഉപയോഗിക്കാൻ ഒരുങ്ങി ഇന്ത്യൻ ഗവേഷകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐഐഎസ്‌സി) ഐഎസ്ആർഒയും ചേർന്നാണ് കട്ടകൾ നിർമിക്കുന്നത്. യൂറിയ, ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവർ ബീൻസ് എന്നിവയാണ് ഈ കട്ടകളുടെ നിർമാണത്തിലെ അടിസ്ഥാന ഘടകങ്ങൾ. ഇതിൽ യൂറിയയ്ക്കായി മനുഷ്യൻ്റെ മൂത്രം ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകർ പറയുന്നത്. മൂത്രത്തിൽ നിന്നുള്ള യൂറിയ ഉപയോഗിക്കുന്നതു വഴി ചെലവ് കുറയ്ക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. ഏകദേശം അരക്കിലോ തൂക്കമുള്ള വസ്തു ബഹിരാകാശത്ത് അയയ്ക്കാൻ 7.75 ലക്ഷം രൂപ ചെലവാകുമെന്നാണ് റിപ്പോർട്ട്. സിമൻ്റിന് പകരം ഗുവർ പശ ഉപയോഗിക്കുന്നതും ചെലവ് കുറയ്ക്കാനാണ്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചു ഭൂമിയിലും ഇഷ്ടിക ഉണ്ടാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. 

‘സ്‌പൊറോസര്‍സീനിയ പാസ്റ്റുറില്‍’ എന്ന ബാക്ടീരിയയ്ക്ക് ചയാപചയത്തിലൂടെ കാല്‍സ്യം കാര്‍ബണേറ്റ് നിര്‍മിക്കാൻ കഴിയും. യൂറിയയും കാൽസ്യവും ഉപയോഗിച്ചാണ് കാൽസ്യം കാർബണേറ്റ് തരികൾ രൂപപ്പെടുന്നത്. ഇത് പ്രയോജനപ്പെടുത്താനാണ് ഗവേഷകരുടെ നീക്കം. ചന്ദ്രോപരിതലത്തിലെ മണ്ണിന് സമാനമായ മണ്ണിൽ ബാക്ടീരിയയെ യോജിപ്പിച്ച് യൂറിയയും കാൽസ്യവും പ്രദേശീകമായി ലഭിക്കുന്ന ഗുവർ ബീൻസിൽ നിന്നുള്ള പശയും ചേർത്ത് വയ്ക്കുന്നു. കുറച്ച് ദിവസം കഴിയുമ്പോൾ ഏത് തരത്തിലും രൂപമാറ്റം വരുത്താൻ കഴിയുന്ന കരുത്തുറ്റ വസ്തുവായി ഇത് മാറും. ഇത് ഉപയോഗിച്ച് ഇഷ്ടികകൾ നിർമിക്കാനാണ് ഗവേഷകർ പദ്ധതിയിടുന്നത്.  

content highlights: Indian Scientists Make Space Bricks With Urea For Buildings On Moon