കനത്ത പ്രതിഷേധം; ബലപ്രയോഗം; മുളന്തുരുത്തി യാക്കോബായ പള്ളി പൊലീസ് ഏറ്റെടുത്തു

മുളന്തുരുത്തി: ഒരു കൂട്ടം വിശ്വാസികളുടെ വന്‍ പ്രതിഷേധത്തിനിടെ മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളി ഏറ്റെടുത്ത് പൊലീസ്. വിശ്വാസികളുടെ കനത്ത പ്രതിഷേധത്തിനിടെ ബലപ്രയോഗത്തിലൂടെ ഗെയ്റ്റ് തകര്‍ത്താണ് പൊലീസ് പള്ളിക്കകത്ത് കടന്നത്. പള്ളി ഏറ്റെടുത്ത് താക്കോല്‍ കൈമാറാന്‍ ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുലര്‍ച്ച പോലീസ് നടപടിയിലേക്ക് കടന്നത്.

ഇന്ന് കോടതി യാക്കോബായ വിഭാഗത്തിന്റെ കേസ് പരിഗണിക്കാനിരിക്കേയാണ് പൊലീസിന്റെ നടപടി. ഇതു സംബന്ധിച്ച് യാക്കോബായ വിഭാഗം സമയം ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ പൊലീസ് പള്ളി ഏറ്റെടുക്കുകയായിരുന്നു. പ്രതിഷേധവുമായി മുന്നോട്ട് വന്ന വിശ്വാസികളെയും മെത്രാപ്പോലീത്തമാരെയും വൈദികരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഞായറാഴ്ച്ച മുതല്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ പള്ളിയില്‍ തന്നെ തങ്ങുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ജില്ലാ ഭരണകൂടവും പൊലീസും സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചത്.

കൊവിഡ് ഭീതിയുള്ളതിനാല്‍ പിപിഇ കിറ്റ് ധരിച്ചാണ് പൊലിസ് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയത്.

Content Highlight: District Collector take over Mulanthuruthy Church