പത്ത് മടങ്ങ് ശക്തി കൂടുതലുള്ള അപകടകാരിയായ പുതിയ കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തി

TEN TIMES more infectious

പത്ത് മടങ്ങ് കുടുതൽ ശക്തമായ രൂപത്തിലുള്ള കൊറോണ വൈറസിനെ മലേഷ്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിലായി മലേഷ്യയിൽ റിപ്പോർട്ട് ചെയ്ത 45 കേസുകളിൽ മൂന്ന് കേസുകളിലാണ് പുതിയ വൈറസിൻ്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. രോഗത്തിന്റെ തീവ്രതയും മറ്റുള്ളവരിലേക്ക് പടര്‍ന്നു പിടിക്കുന്നതിന്റെ വേഗതയും വര്‍ധിപ്പിക്കാന്‍ പുതിയ കൊറോണ വൈറസിന് കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ചില രാജ്യങ്ങളിൽ ‘D614G’എന്ന പേരിലുള്ള പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു. ഇതേ ഗണത്തിൽ പെട്ട വൈറസിനെ തന്നെയാണ് കഴിഞ്ഞ ദിവസം മലേഷ്യയിലും കണ്ടെത്തിയത്.

മലേഷ്യയിലെ ആരോഗ്യ വകുപ്പ് മേധാവിയായ നൂർ ഹിഷാം അബ്ദുള്ള ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും മലേഷ്യയിലെത്തിയ ഒരാളിൽ നിന്ന് കൊവിഡ് പടർന്ന് കിട്ടിയ സംഘത്തിൽ നിന്നാണ് പുതിയ വൈറസിൻ്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. അതു കൊണ്ടു തന്നെ ഈ വിവരം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണ്ണായകമായേക്കാം. എന്നാൽ ശാസ്ത്രീയമായി ഏത് തരത്തിലാണ് വൈറസിന് മാറ്റം സംഭവിക്കുന്നത്, എന്തെല്ലാം ഘടകങ്ങളാണ് ഇതിൽ പങ്ക് വഹിക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ ചൂണ്ടിക്കാണിക്കാനാകൂ.

ഫിലിപ്പീൻസിൽ നിന്ന് വന്ന ഒരാളിൽ നിന്ന് രോഗം പകർന്ന് കിട്ടിയ സംഘത്തിലും പുതിയ കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളോട് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പ് മേധാവി നിർദേശിച്ചിട്ടുള്ളത്. കൂതുതൽ പേരിലേക്ക് വൈറസ് പകരാതിരിക്കാൻ ചെയിൻ ബ്രേക്ക് ചെയ്ത് നിർത്തുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വികസിപ്പിച്ച വാക്സിനുകൾക്കൊ, പരീക്ഷണ ഘട്ടത്തിലിരിക്കുന്ന വാക്സിനുകൾക്കൊ പുതിയ വൈറസിനെ ചെറിക്കാനാകില്ലെന്ന വാദവും ഇതോടൊപ്പം ഉയരുന്നുണ്ട്.

Content Highlights; The new coronavirus strain found in Malaysia is TEN TIMES more infectious