കൊറോണ ഭീതി: ആഢംബര കപ്പലിന് വിലക്കേര്‍പ്പെടുത്തി മലേഷ്യയും തായ്‍ലന്‍ഡും

ക്വാലാലംപൂര്‍: കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ആഢംബര കപ്പലിന് വിലക്കേര്‍പ്പെടുത്തി മലേഷ്യയും തായ്‍ലന്‍ഡും. ഡസന്‍കണക്കിന് ഇറ്റാലിയന്‍ പൗരന്‍മാരാണ് കപ്പലിലുള്ളതിനാല്‍ കൊറോണ ബാധിതരുണ്ടാകുമെന്ന സംശയത്തെ തുടര്‍ന്നാണ് കപ്പലിന് തീരത്തടുക്കാന്‍ അനുമതി നിഷേധിച്ചത്. 2000 യാത്രക്കാരുമായി വന്ന കോസ്റ്റ ഫോര്‍ച്ചുണ എന്ന കപ്പലാണ് തീരത്തടുക്കാനാകാതെ നില്‍ക്കുന്നത്. ഈ കപ്പലില്‍ 64 ഇന്ത്യക്കാരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തായ്‍ലന്‍ഡിലെ ഫുകേതിലുള്ള അവധിക്കാല കേന്ദ്രമായ ദ്വീപില്‍ നിന്ന് വെള്ളിയാഴ്‍‍ച മടങ്ങിയതാണ് കോസ്റ്റ ഫോര്‍ച്ചുണ. ഇറ്റലിയില്‍ കൂടുതല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തായ്‍ലന്‍ഡും മലേഷ്യയും കപ്പലിനെ വിലക്കേര്‍പ്പെടുത്തിയത്. കപ്പലിലുള്ള ഇറ്റാലിയന്‍ സഞ്ചാരികള്‍ക്ക് വൈറസ് ബാധയുണ്ടാകുമെന്ന സംശയത്തെ തുടര്‍ന്നാണ് തായ് അധികൃതര്‍ കപ്പലിന് വിലക്കേര്‍പ്പെടുത്തിയത്.

കഴിഞ്ഞ 14 ദിവസത്തിനിടയിലാണ് കപ്പലിലുള്ളവര്‍ ഇറ്റലിയിന്‍ നിന്ന് വന്നിട്ടുണ്ടാവുക. അതിനാല്‍ അവര്‍ക്ക് വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വിലക്കെന്ന് തായ് അധികൃതര്‍ അറിയിച്ചു.

Content Highlight: Malaysia and Thailand bar cruise ship amid corona scare