പിടിവിടാതെ കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയോടെ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. തിരുവനന്തപുരത്ത് രണ്ടു പേരും, മലപ്പുറത്ത് ഒരാളുമാണ് മരിച്ചത്.
തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം കൂടി. തമിഴ്‌നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപന്‍ ചന്ദ്രന്‍ (62), മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഇല്യാസ് (47) എന്നിവരാണ് മരിച്ചത്.

വിഴിഞ്ഞത്ത് താമസിച്ച് വന്നിരുന്ന ചെന്നൈ സ്വദേശിയായ വിജയ കഴിഞ്ഞ ജിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചിരുന്നു. ഹൃദയ, ശ്വാസകോശ രോഗങ്ങളുള്ള പ്രതാപന്‍ മെഡിക്കല്‍ കൊളേജില്‍ വെച്ചാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഒന്‍പത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര സദാനന്ദന്‍, മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയില്‍ വൃന്ദ ജീവന്‍ എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റ് രണ്ട് പേര്‍. സദാനന്ദന് ഹൃദ്രോഗവും രക്ത സമ്മര്‍ദ്ദവും പ്രമേഹവും അടക്കമുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നു. വൃന്ദ അര്‍ബുദ ബാധിതയായിരുന്നു.

കോഴിക്കോട് ജില്ലയിലാണ് മറ്റ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. വടകര റൂറല്‍ എസ്പി ഓഫീസ് ജീവനക്കാരനായ ബാലുശ്ശേരി സ്വദേശി ഷാഹിന്‍ ബാബുവും മാവൂര്‍ സ്വദേശി സുലുവുമാണ് കോഴിക്കോട് മരിച്ചത്. നാല് ദിവസം മുന്‍പായിരുന്നു ഷാഹിന്‍ ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുലു അര്‍ബുദ രോഗിയായിരുന്നു.

Content Highlight: 7 Covid Deaths reported in Kerala today