യുഎഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധം: നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കാന്‍ തയാറെടുപ്പ്

ടെല്‍ അവീവ്: ഇസ്രയേല്‍-യുഎഇ നയതന്ത്ര ബന്ധ സ്ഥാപനത്തിന് മുന്നോടിയായി ഇരൂു രാജ്യങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകള്‍ ആരംഭികകാന്‍ ആലോചന. ഇസ്രയേലില്‍ നിന്ന് ദുബായ്, അബുദബി എന്നിവിടങ്ങളിലേക്ക് നേരിട്ടും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തയാറെടുക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവാണ് അറിയിച്ചത്.

ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ള പ്രതിനിധി സംഘം വരും ആഴ്ച്ചകളില്‍ യുഎഇയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു ലക്ഷ്യം സാധ്യമായാല്‍ വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാനാകും.

കൂടാതെ, രണ്ടു രാജ്യങ്ങളും തമ്മില്‍ ടൂറിസത്തിനും, നിക്ഷേപത്തിനും വലിയ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തില്‍ വെട്ടിചുരുക്കിയ വിമാനസര്‍വീസുകള്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സംസാരിക്കവേയാണ് യുഎയുമായുള്ള ബന്ധത്തെക്കുറിച്ച് നെതന്യാഹു വെളിപ്പെടുത്തിയത്. കൊവിഡ് പ്രതിസന്ധി കൂടി കണക്കിലെടുത്ത് മാത്രമേ ആഭ്യന്തര വിമാന സര്‍വീസുകളെ കുറിച്ച് ചിന്തിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Israel to start new flight service to UAE