ചെന്നിത്തലയുടെ ഹര്‍ജിയില്‍ കൊവിഡ് രോഗികളുടെ വിവര ശേഖരണത്തില്‍ നിലപാട് മാറ്റി സര്‍ക്കാര്‍

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിക്ക് പിന്നാലെ നിലപാടി മാറ്റി സര്‍ക്കാര്‍. ഫോണ്‍ വിവരങ്ങള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്ന നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുത്തുസ്വാമി കേസടക്കമുള്ള സുപ്രീംകോടതി വിധികള്‍ ചൂണ്ടികാണിച്ച് തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്.

കൊവിഡ് രോഗികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, ഇത് ഭരണഘടന വിരുദ്ധവും വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് കാണിച്ച് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെങ്കില്‍ പ്രശ്‌നമില്ലെന്നും മറ്റ് രേഖകള്‍ വേണമെങ്കില്‍ വെള്ളിയാഴ്ച്ച വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് രോഗികളുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് പൊലീസിന് അധിക ചുമതല നല്‍കിയതിന് പിന്നാലെയാണ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയത്. എന്നാല്‍, ഇവര്‍ പ്രതികളല്ല, രോഗികളാണെന്ന് ചൂണ്ടികാട്ടിയാണ് രമേശ് ചെന്നിത്തല പരസ്യമായി രംഗത്ത് വന്നത്.

Content Highlight: Kerala Government changed their decision on collecting CDR data from Covid patients