കൊവിഡ് പരിശോധനയ്ക്കായി സ്രവ സാംപിളെടുക്കാൻ പുതിയ രീതിയുമായി ഐസിഎംആർ. മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും ശേഖരിക്കുന്ന സാംപിളുകൾക്ക് പകരം കവിൾക്കൊണ്ട വെള്ളം ഉപയോഗിക്കാമെന്ന് ഐസിഎംആർ പഠനത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് ഡൽഹി എയിംസിൽ നടത്തിയ പരീക്ഷണം വിജയകരമാണെന്നാണ് റിപ്പോർട്ട്. സ്രവം പരിശോധിക്കുമ്പോഴുണ്ടാകുന്ന രോഗ വ്യാപനം ഇതുവഴി കുറക്കാനാകുമെന്നാണ് പഠനത്തിൽ പറയുന്നത്. ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ രീതിയിൽ പരിശോധന നടത്തിയാൽ മതിയെന്ന് ഐസിഎംആർ പറഞ്ഞു.
മൂക്കിൽ നിന്ന് സാംപിളുകൾ ശേഖരിക്കുന്നതിൽ ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനെ തുടർന്നാണ് മറ്റ് മർഗങ്ങളെ കുറിച്ച് പഠനം തുടങ്ങിയത്. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ കഴിയുന്ന 50 കൊവിഡ് രോഗികളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. മൂക്കിൽ നിന്ന് സാംപിളുകൾ ശേഖരിക്കുന്നത് 74 ശതമാനം പേർക്ക് അസ്വസ്ഥത രേഖപ്പെടുത്തിയെന്നും അതേസമയം 24 ശതമാനം പേർക്ക് മാത്രമാണ് കവിൾ കൊണ്ട വെള്ളം സാംപിളായി ശേഖരിച്ചപ്പോൾ അസ്വസ്ഥതകൾ ഉണ്ടായതെന്നും പഠനത്തിൽ പറയുന്നു.
എളുപ്പത്തിൽ സ്വയം സാംപിളുകൾ നൽകാം, ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കാം എന്നിവയ്ക്ക് പുറമെ സ്വാബുകളുടെയും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെയും ആവശ്യകത കുറയുന്നതുവഴി ഗണ്യമായ ചെലവ് കുറയ്ക്കാൻ സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
content highlights: Gargled Water Samples May Be Alternative For Detecting COVID-19: Study