മാസ്‌ക് നിര്‍ബന്ധമില്ല; കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി ബെയ്ജിങ്

ബെയ്ജിങ്: തുടര്‍ച്ചയായ 13 ദിവസങ്ങളില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ബെയ്ജിങ്ങിലെ കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി അധികൃതര്‍. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമത്തിനും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇളവ് പ്രാബല്യത്തില്‍ വന്നെങ്കിലും, സ്വയം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് മാസ്‌ക് ധരിച്ച് തന്നെയാണ് ഇവിടുള്ളവര്‍ ഇപ്പോഴും പുറത്തിറങ്ങുന്നത്.

ഇത് രണ്ടാം തവണയാണ് ബെയ്ജിങ് അധികൃതര്‍ മാസ്‌ക് ധരിക്കുന്ന നിയമത്തിന് ഇളവ് വരുത്തുന്നത്. രണ്ട് ഘട്ട ലോക്ക്ഡൗണും ചൈനയില്‍ പ്രഖ്യാപിക്കേണ്ടി വന്നിരുന്നു. ഏപ്രില്‍ അവസാനത്തോടെ മാസ്‌ക് ധരിക്കാതെ ജനങ്ങള്‍ക്ക് പൊതു നിരത്തില്‍ സഞ്ചരിക്കാമെന്ന നിയമം പ്രാബല്യത്തില്‍ വരുത്തിയിരുന്നെങ്കിലും ജൂണ്‍ മാസത്തോടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചത്.

ചൈനയുടെ തലസ്ഥാനമടക്കമുള്ള പ്രധാന പ്രദേശങ്ങളില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിക്കുമ്പോള്‍ തന്നെ സ്വീകരിക്കുന്ന കര്‍ശനമായ നിയന്ത്രണങ്ങളും ക്വാറന്റൈനും പരിശോധനകളുമാണ് കൊവിഡില്‍ നിന്ന് ചൈനയെ രക്ഷിച്ചതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന അഭിപ്രായം.

അതേസമയം, ഓഗസ്റ്റ് 20ന് വിദേശത്ത് നിന്നെത്തിയ 22 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുകൊണ്ട്, ഇതര രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ വിലക്കുകയും രാജ്യാതിര്‍ത്തി അടക്കുകയും ചെയ്തിരുന്നു. മഹാമാരി ആരംഭിച്ച ശേഷം, രാജ്യത്ത് ആകെ 84,917 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Content Highlight: Beijing To Go Mask-Free As Corona Virus Cases Hit New Lows