ഇടുക്കി: പെട്ടിമുടിയില്‍ വന്‍ ദുരന്തം വിതച്ച ഉരുള്‍പൊട്ടലിലും ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് കുവിയെന്ന വളര്‍ത്തു നായയായിരുന്നു. ആരെയോ കണ്ടു കിട്ടാനുള്ള ഭാവത്തില്‍ തിരച്ചില്‍ നടന്ന പ്രദേശങ്ങളിലെല്ലാം ഓടി നടന്ന് ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്ന കുവി എല്ലാവരെയും ഒരേപോലെ സങ്കടപ്പെടുത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതും കുവി തന്നെയായിരുന്നു.
കളികൂട്ടുകാരിയെ നഷ്ടപ്പെട്ട കുവി പ്രദേശത്തെല്ലാം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ല ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവില്‍ പൊലീസ് ഓഫീസറുമായ അജിത് മാധവന്‍ കുവിയെ ഏറ്റെടുക്കാമെന്നറിയിച്ച് മുന്നോട്ട് വരികയായിരുന്നു. അനുമതികളെല്ലാം പൂര്‍ത്തിയായതോടെ കുവി പെട്ടിമുടിയില്‍ നിന്ന് ഇടുക്കി ഡോഗ് സ്‌ക്വാഡിലേക്ക് മാറുകയാണ്. പെട്ടിമുടിയില്‍ നിന്ന് കുവിയ്ക്ക് സ്‌നേഹാര്‍ദ്രമായ യാത്രയയപ്പ് നല്‍കിയാണ് പ്രദേശവാസികളും ജനപ്രതിനിധികളും അവനെ പുതിയ ജോലിയിലേക്ക് യാത്രയാക്കിയത്.
പെട്ടിമുടി ദുരന്തമുണ്ടായി എട്ടാം ദിവസമാണ് ധനുഷ്‌കയെന്ന രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ധനുഷ്‌കയുടെ വീട്ടിലുണ്ടായിരുന്നു കുവിയെന്ന് വിളിക്കുന്ന വളര്‍ത്തു നായയാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിലായിരുന്നു മൃതദേഹം.
Content Highlight: Kuvi, dog from Pettimudi appointed in Dog Squad