ഒറ്റ ദിവസം 10 ലക്ഷത്തിലധികം പരിശോധനകള്‍; കൊവിഡ് പ്രതിരോധം തീര്‍ത്ത് ഇന്ത്യ

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധങ്ങളില്‍ നാഴികക്കല്ല് തീര്‍ത്ത് ഇന്ത്യ. വെള്ളിയാഴ്ച്ച ഒറ്റ ദിവസം കൊണ്ട് പത്ത് ലക്ഷത്തിലധികം പരിശോധനകളാണ് ഇന്ത്യ നടത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 69,878കൊവിഡ് കേസുകളാണ് വെള്ളിയാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 29,75,701 ആയി.

കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും രോഗമുക്തി നിരക്ക് ഉയരുന്നത് രാജ്യത്തിനാകെ ആശ്വാസത്തിന്റെ വാര്‍ത്തയാണ്. വെള്ളിയാഴ്ച്ചയില്‍ 74.30 ശതമാനമായിരുന്നു രോഗമുക്തിയെങ്കില്‍ ശനിയാഴ്ച്ച അത് 73.91 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മരണ നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.90 ശതമാനമായിരുന്ന മരണനിരക്ക് ഇന്നത്തെ കണക്ക് പ്രകാരം 1.89 ശതമാനമായി. നിലവില്‍ ചികിത്സയിലിരിക്കുന്ന രോഗികളുടെ ശതമാനവും 1.5 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഐസിഎംആറിന്റെ കണക്ക് പ്രകാരം 3,44,91,073 പേരുടെ സാമ്പിളാണ് ഇതുവരെ പരിശോധിച്ചത്. വെള്ളിയാഴ്ച്ച മാത്രം 10,23,836 സാമ്പിളുകള്‍ പരിശോധിച്ചു.

Content Highlight: India crosses milestone of 10 lakh Corona Virus tests a day