രാജ്യം ഭരിക്കുന്നത് ടുക്ടേ-ടുക്ടേ സംഘം; ഹിന്ദി വിവാദത്തില്‍ ആഞ്ഞടിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്നത് ഒരു സംഘം ടുക്ടേ-ടുക്ടേ ആളുകളാണെന്ന് വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ വെബിനാറില്‍ നിന്ന് ഹിന്ദി അറിയില്ലെന്ന കാരണത്തില്‍ തമിഴ് ഡോക്ടര്‍മാരെ പുറത്താക്കിയ സംഭവത്തിലാണ് ശശി തരൂരിന്റെ വിമര്‍ശനം. ഇത്തരമൊരു സാഹചര്യം അസാധാരണമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

ഭരണ സര്‍ക്കാരിന് എന്തെങ്കിലും മാന്യതയുണ്ടെങ്കില്‍ ഈ സെക്രട്ടറിയെ മാറ്റി തമിഴ് ജനസേവകനെ ഇതേ സ്ഥാനത്ത് നിയമിക്കണമെന്നും തരൂര്‍ ട്വീറ്റില്‍ പറയുന്നു. രാജ്യത്തിന്റെ ശക്തമായ ഐക്യം നശിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണ് അധികാരത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 350 പേരാണ് വെബിനാറില്‍ പങ്കെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ 37 പേര്‍ക്കും ഹിന്ദി അറിയില്ലായിരുന്നു. മനസ്സിലാവാതെ വന്ന ഡോക്ടര്‍മാര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആവ്യപ്പെട്ടതോടെയാണ് ഇവരെ പുറത്താക്കിയത്. വെബിനാറിലെ ഭൂരിഭാഗം സെഷനുകളും ഹിന്ദിയിലായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Content Highlight: Shashi Tharoor MP on row over Hindi