നീറ്റ്-ജെഇഇ പരീക്ഷകള്‍: കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍

ന്യൂഡല്‍ഹി: കൊവിഡ് ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലും വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്- ജെഇഇ പ്രവേശന പരീക്ഷകള്‍ നടത്താനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി മുഖ്യമന്ത്രിമാര്‍. 7 സംസ്താനങ്ങളില്‍ നിന്നുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരാണ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം.

യോഗത്തില്‍ ടിഎംസി മേധാവിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ശിവസേന മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദവ് താക്കറെ, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രസിഡന്റും, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ എന്നിവരും, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ- പഞ്ചാബിലെ അമരീന്ദര്‍ സിംഗ്, രാജസ്ഥാനിലെ അശോക് ഗെലോട്ട്, ഛത്തീസ്ഗഢിലെ ഭൂപേഷ് ബാഗേല്‍, പുതുച്ചേരിയിലെ വി നാരായണസാമി എന്നിവരുമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തത്.

നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റി വെക്കുന്നത് സംബന്ധിച്ച് എത്രയും വേഗം തന്നെ സുപ്രീം കോടതിയെ സമീപിക്കണമെന്ന ആവശ്യം ഉന്നയിച്ചത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. ട്രെയിന്‍ ഗതാഗതവും വിമാന സര്‍വീസുകളും പോലും ശരിയായ രീതിയിലല്ലാത്ത സ്ഥിതിക്ക് വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷക്കെത്തുമെന്നത് സംബന്ധിച്ചും മമത ആശങ്ക പ്രകടിപ്പിച്ചു.

രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷ സെപ്തംബര്‍ ആദ്യവാരവും നീറ്റ് പ്രവേശന പരീക്ഷ സെപ്തംബര്‍ 13നും നടത്താനാണ് നിലവിലെ തീരുമാനം. ജെഇഇ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കി കഴിഞ്ഞു. 8,58,273 കുട്ടികള്‍ ജെഇഇ മെയിനിനായും, 16 ലക്ഷത്തോളം നീറ്റിനായും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡിനിടയില്‍ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തുന്നതില്‍ വന്‍ ആശങ്കയുണ്ട്.

Content Highlight: 7 non-BJP CMs to move Supreme Court against Centre’s decision to hold NEET, JEE exams