കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണം; സര്‍വീസ് പുനഃരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ നിര്‍ത്തലാക്കിയ മെട്രോസര്‍വീസ് പുനഃരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് യാത്രാ സൗകര്യം ഒരുക്കാനാണ് മെട്രോ അധികൃതരുടെ തീരുമാനം. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും കേന്ദ്ര അനുമതിക്കായി കാത്തിരിക്കുയാണെന്നും കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ അറിയിച്ചു.

മാര്‍ച്ചിലാണ് മെട്രോ സര്‍വീസ് നിര്‍ത്തലാക്കുന്നത്. സെപ്റ്റംബര്‍ 1 മുതല്‍ അണ്‍ലോക്ക് 4.0 പ്രാബല്യത്തില്‍ വരുന്നതോടെ മെട്രോ സര്‍വീസും പുനഃരാരംഭിക്കാനാകുമെന്നാണ് സൂചന. ഇളവ് ലഭിച്ച് കഴിഞ്ഞാല്‍, തിരക്കുണ്ടാകാത്ത രീതിയില്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. 20 സെക്കന്‍ഡ് വീതമെങ്കിലും ഓരോ സ്റ്റേഷനിലും ട്രെയിന്‍ നിര്‍ത്തിയിടും. സര്‍വീസ് ആരംഭിക്കുന്ന സ്റ്റേഷനുകളായ ആലുവ, തൈക്കൂടം എന്നിവിടങ്ങളില്‍ പ്രധാന വാതിലുകള്‍ തുറന്നിടുമെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.

രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെ മെട്രോ സര്‍വീസ് നടത്താനാണ് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. ആലുവയില്‍ നിന്നും തൈക്കൂടത്തുനിന്നും ആരംഭിക്കുന്ന അവസാന സര്‍വീസ് രാത്രി 8 മണിക്ക് ആയിരിക്കും. സര്‍വീസ് പുനരാരംഭിക്കുന്ന ഘട്ടത്തില്‍ ഓരോ 20 മിനിറ്റിലും ട്രെയിനുകള്‍ ഉണ്ടാകും. യാത്രക്കാരുടെ എണ്ണം ഓരോ ദിവസവും കൂടുന്നതനുസരിച്ച് ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം കൂട്ടാനാണ് തീരുമാനമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ പറഞ്ഞു.

കൂടാതെ, തിരക്ക് നിയന്ത്രിക്കാനായി ആലുവ, മുട്ടം സ്റ്റേഷനുകളില്‍ ഓരോ അധിക ട്രെയിനുകള്‍ വീതം നിര്‍ത്തിയാടാനാണ് തീരുമാനം.

Content Highlight: KMRL to restart Metro service