ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചർച്ചകൾ സജീവമാകുന്നടിനിടെ രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നത് ചർച്ച ചെയ്ത് പ്രധാന മന്ത്രിയുടെ ഓഫീസ്. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ആശയം യാഥാർഥ്യമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വിഷയത്തിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ നിലപാട് തേടും. ഇത് നടപ്പിലായാല്‍ ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരു വോട്ടർപട്ടികയാകും. വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ, തദ്ദേശീയ തെരഞ്ഞെടുപ്പുകള്‍ക്കെല്ലാം ഒരു വോട്ടര്‍ പട്ടികയെന്ന ആശയത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് ആദ്യ വാരം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചിരുന്നു.
എന്നാൽ ഒറ്റ വോട്ടർ പട്ടിക തയ്യാറാക്കാൻ ഭരണഘടന ഭേദഗതി ആവശ്യമാണ്. ഇത് സംബന്ധിച്ച നീക്കങ്ങള്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ, ലെജിസ്ലേറ്റീവ് സെക്രട്ടറി ജി നാരായണ രാജു, പഞ്ചായത്തിരാജ് സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടറി ജനറൽ ഉമേഷ് സിൻഹ തുടങ്ങിയവരുമായി ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍പട്ടികയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് പ്രത്യേകം വോട്ടര്‍ പട്ടികയാണ് ഉപയോഗിച്ചു വരുന്നത്.
നിലവില്‍ കേരളമടക്കം 7 സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇവയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയും തമ്മില്‍ ലയിപ്പിച്ച് ഒറ്റ വോട്ടര്‍ പട്ടികയാക്കാനാണ് കേന്ദ്ര നീക്കം. ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏറെക്കാലമായി മുന്നോട്ടു വെക്കുന്ന ആശയമാണ് ലോക്സഭയിലേക്കും നിയമ സഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പുകൾ നടത്തണമെന്നത്. ഇതിന്‍റെ ഭാഗമായാണ് ഒറ്റ വോട്ടര്‍ പട്ടിക നിർദേശവുമായി കേന്ദ്രസർക്കാർ എത്തുന്നത്
Content Highlights; central government plans one nation one voters list