രാജ്യത്ത് 69,921 പേര്‍ക്ക് കൂടി കൊവിഡ്; ലോകത്ത് പ്രതിദിന രോഗബാധയിലും മരണത്തിലും മുന്നില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 69,921 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 819 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 36.91 ലക്ഷമായി. ഇന്നലെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത രാജ്യവും ഇന്ത്യയാണ്. രാജ്യത്ത് ഇതുവരെ 28.39 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 7.85 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 65,288 പേരാണ് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ ഏറെയും. മഹാരാഷ്ട്രയില്‍ 7.92 ലക്ഷം, ആന്ധ്രപ്രദേശില്‍ 4.24 ലക്ഷം, തമിഴ്നാട് 4.28 ലക്ഷം, കര്‍ണാടക 3.27 ലക്ഷം, ഉത്തര്‍പ്രദേശ് 2.25 ലക്ഷം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ ഇതുവരെയുളള രോഗബാധിതരുടെ എണ്ണം. തമിഴ്‌നാട്ടില്‍ ഇന്നലെ 5,956 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6,008 പേര്‍ രോഗമുക്തരായി. 91 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 4.20 ലക്ഷമായി. ഇതുവരെ 3.68 ലക്ഷം പേര്‍ രോഗമുക്തി നേടി. 7,322 പേരാണ് ഇതുവരെ മരിച്ചത്. കര്‍ണാടകയില്‍ ഇന്നലെ 6,495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 113 പേര്‍ മരിച്ചു. ഇതുവരെ 5,702 പേരാണ് മരിച്ചത്.

Content Highlight: Single-day spike of 69,921 new positive cases & 819 deaths reported in India, in the last 24 hours.