രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രെെം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിനെ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തൊഴിൽ രഹിതരുടെ ആത്മഹത്യയിൽ കേരളം ഒന്നാമതാണെന്ന റിപ്പോർട്ട് സർക്കാരിൻ്റെ കണ്ണുതുറപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘ഇന്ത്യയിലെ അപകടമരണങ്ങളും ആത്മഹത്യയും 2019’ എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിമർശനം.
2019ൽ കേരളത്തിൽ തൊഴിൽ രഹിതരായ 1963 പേരാണ് മരിച്ചത്. ഇന്ത്യയൊട്ടാകെ ആത്മഹത്യ ചെയ്തത് തൊഴിൽ രഹിതരായ 14,019 പേരാണ്. കേരളത്തിൽ തൊഴിൽ രഹിതരുടെ ആത്മഹത്യ നിരക്ക് 14 ശതമാനമാണ്. പിഎസ്സി നിയമനം ലഭിക്കാത്തതിനെ തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത കാരക്കോണം പുത്തൻവീട്ടിൽ അനുവിൻ്റെ മരണം ഒറ്റപ്പെട്ട സംഭവമാണെന്ന സർക്കാർ വാദത്തെ പൊളിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. അനുവിനെപ്പോലെ 1963 പേരെ ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നിൽ സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള വീഴ്ചയുണ്ട്. അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ 43.3 ലക്ഷം തൊഴിലന്വേഷകരാണ് റെജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക് (11.4%) കേരളത്തിലാണ്. അഖിലേന്ത്യാതലത്തില്‍ ഇത് 6.0 ശതമാനം മാത്രം. സര്‍ക്കാരിൻ്റെ കൈയിലുള്ള ഏതാനും തൊഴിലവസരങ്ങള്‍ മാത്രമാണ് 43.3 ലക്ഷം പേരുടെ മുന്നിലുള്ളത്. അത് അനര്‍ഹരിലേക്കു പോകുമ്പോള്‍ അര്‍ഹിക്കുന്നവര്‍ക്കു പൊള്ളുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.
പുതിയ പിഎസ്‌സി ലിസ്റ്റ് വരുന്നതുവരെ നാലര വര്‍ഷം വരെ ലിസ്റ്റ് നീട്ടി നല്‍കിയ ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. പിഎസ്‌സി ലിസ്റ്റ് ഉള്ളതുകൊണ്ട് അനധികൃത നിയമനങ്ങള്‍ തടയുന്നതില്‍ വിജയിക്കുകയും ചെയ്തു. ഇത്തരമൊരൂ അടിയന്തരമായ തീരുമാനമാണ് ഇടതുസര്‍ക്കാരില്‍ നിന്നും കേരളത്തിലെ 43.3 ലക്ഷം തൊഴില്‍രഹിതര്‍ പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
content highlights: Oommen Chandy against Kerala government for unemployment