കൊവിഡ് പരിശോധനയ്ക്ക് ഉമിനീർ ഫലപ്രദമാണെന്ന് കണ്ടെത്തൽ. ദുബായ് ആസ്ഥാനമാക്കിയുള്ള മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിലെ ഗവേഷകരാണ് കൊവിഡ് പരിശോധനയ്ക്ക് മൂക്കിലെ ശ്രവത്തിന് പകരം ഉമിനീരും ഫലപ്രദമാണെന്ന് കണ്ടെത്തിയത്.
അൽ ഖവാനീജ് ഹെൽത്ത് സെൻ്ററിൽ കൊവിഡ് സ്ക്രീനിംഗിന് ഹാജരായ 401 മുതിർന്നവരിലാണ് പരീക്ഷണം നടത്തിയത്. ഇവരുടെ ഉമിനീർ, മൂക്കിലെ സ്രവം എന്നീ സാംപിളുകൾ പരിശോധിച്ചു. ഇതിൽ 50 ശതമാനം പേരും ലക്ഷണമില്ലാത്തവരായിരുന്നു. 95 ശതമാനത്തോളം വെെറസ് രോഗബാധ കണ്ടെത്തുന്നതിന് ഉമിനീർ ഉപയോഗിക്കാമെന്നാണ് പരീക്ഷണത്തിൽ കണ്ടെത്തിയത്.
ഉമിനീർ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന മാസ്സ് ടെസ്റ്റിംഗിൻ്റെ ചെലവ് കുറയ്ക്കാനും പരിശോധിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആരോഗ്യ പ്രവർത്തകൻ്റെ സഹായമില്ലാതെ രോഗിക്ക് സ്വയം സാമ്പിളുകൾ ശേഖരിക്കാൻ സാധിക്കും. പഠനം സംബന്ധിച്ച ജേണൽ അധികൃതർ ഉടൻ പുറത്തിറക്കും. ഇതാദ്യമായാണ് യുഎഇ മേഖലയിൽ നിന്ന് ഇത്തരമൊരു പഠനം പുറത്തുവരുന്നത്.
content highlights: Saliva ‘just as effective’ as a nasal swab for COVID-19 testing, UAE research shows