കൊറോണ വൈറസ് വാക്സിന്റെ ആഗോള വിതരണത്തിന് യൂണിസെഫ് നേതൃത്വം നൽകും. യൂണിസെഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും ബൃഹത്തും വേഗതയേറിയതുമായ പ്രവർത്തനമായിരിക്കും കൊവിഡ് വാക്സിന്റെ ആഗോള വിതരണം. പ്രതിരോധ വാക്സിന്റെ പ്രാഥമിക ഘട്ട വിതരണം എല്ലാ രാജ്യങ്ങളിലും സുരക്ഷിതവും നിഷ്പക്ഷവുമായും നടപ്പിലാക്കുന്നതിനാണ് വിതരണ നേതൃത്വം യൂണിസെഫ് ഏറ്റെടുത്തിരിക്കുന്നത്. വിതരണത്തിനായി വിവിധ പ്രതിരോധ വാക്സിനുകളുടെ 200 കേടിയിലധികം ഡോസുകളാണ് യൂണിസെഫ് നിലവിൽ വാങ്ങുന്നത്.
വിവിധ രാജ്യങ്ങളിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഫലപ്രദമായ കൊവിഡ് വാക്സിനുകൾ ശേഖരിച്ച് 92 ഓളം രാജ്യങ്ങളിൽ വിതരണം ചെയ്യാനാണ് യൂണിസെഫ് ലക്ഷ്യമിടുന്നത്. ഇതിനായി പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷനുമായി (PAHO) യൂണിസെഫ് യോജിച്ച് പ്രവർത്തിക്കും. 80 സമ്പന്ന രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ വിതരണത്തിലും യൂണിസെഫ് ഇടനിലക്കാരനായി പ്രവർത്തിക്കും. 170 ഓളം രാജ്യങ്ങളെ ഉൾപെടുത്തി കൊണ്ടുള്ള വിതരണ പ്രവർത്തനം യൂണിസെഫിന്റെ ഉത്തരവാദിത്തത്തിലുള്ള ഏറ്റവും വലുതും വേഗതയേറിയതുമായ പ്രവർത്തനമായിരിക്കും.
ലോകാരോഗ്യ സംഘടന, ലോക ബാങ്ക്, ഗവി ദ വാക്സിൻ അലയൻസ്, കോഅലിഷൻ ഫോർ പ്രിപയേഡ്നെസ് ഇന്നൊവോഷൻസ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ, പാൻ അമേരിക്ക ഹെൽത്ത് ഓർഗനൈസേഷൻ കൂടാതെ മറ്റ് ചില സ്ഥാപനങ്ങളും യൂണിസെഫിന്റെ കൊവാക്സിൻ വിതരണ പദ്ധതിയിൽ പങ്കാളിത്തം വഹിക്കും . ഭാവിയിൽ ഒരു രാജ്യത്തിലും കൊവിഡ് വാക്സിൻ ലഭ്യത കുറവ് അനുഭവപെടരുതെന്നാതാണ് പദ്ധതിയുടെ ലക്ഷ്യം. സെപ്റ്റംബർ 18 ഓടെ നിർമാതാക്കൾക്ക് സാമ്പത്തിക സഹായം ഉറപ്പു നൽകുന്നതിനായി സ്വാശ്രയ സമ്പദ്ഘടനകളുമായി കരാർ ഒപ്പു വെക്കുമെന്നും യൂണിസെഫ് വ്യക്തമാക്കി. അടുത്ത ഒന്ന് രണ്ട് കൊല്ലങ്ങളിലേക്കുള്ള വാക്സിൻ ഉത്പാദനത്തിനാവശ്യമായ മൂലധന നിക്ഷേപം ഉറപ്പാക്കിയിട്ടുണ്ടെന്നും യൂണിസെഫ് അറിയിച്ചു.
Content Highlights; UNICEF to lead global supply of Covid-19 vaccines