ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യക്തമായ കാരണങ്ങളുണ്ടെങ്കിലേ തെരഞ്ഞടുപ്പ് ഉപേക്ഷിക്കാവൂ എന്ന നിര്‍ദ്ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരുടെ കാലാവധി സംബന്ധിച്ച കാരണങ്ങള്‍ തെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുള്ള കാരണമാവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷം.

എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള തീരുമാനം അറിയിച്ചാല്‍ അത് പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കൊവിഡ് വ്യാപനം, മഴ തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കാനാവുന്ന വിഷയങ്ങളാണെന്നും കമ്മീഷന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ് നിലവില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ നിയമസഭയ്ക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാല്‍ വിജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാററച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ. അതായത് പരമാവധി അഞ്ചുമാസം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

Content Highlight: Election Commission on by election protocol in Kerala