ഉത്തര്‍പ്രദേശില്‍ ദേശീയ സുരക്ഷ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത പകുതിയിലധികം കേസുകളും ഗോവധത്തില്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഈ വര്‍ഷം ദേശീയ സുരക്ഷ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള പകുതിയിലധികം കേസുകളും ഗോവധത്തിന്റെ പേരിലെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 19 വരെ 139 പേര്‍ക്കെതിരെയാണ് ദേശീയ സുരക്ഷ നിയമപ്രകാരം ഉത്തര്‍പ്രദേശില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 76 പേര്‍ക്കെതിരെയും ഗോവധമാണ് ചുമത്തിയിട്ടുള്ളത്. ഈ വര്‍ഷം ബരേലി പൊലീസ് സോണില്‍ മാത്രം 44 സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ദേശത്തിന്റെ സുരക്ഷയ്‌ക്കോ ക്രമസമാധാന പാലനത്തിനോ ഒരു വ്യക്തി ഭീക്ഷണിയെന്ന് കണ്ടെത്തുന്ന പക്ഷം ദേശീയ സുരക്ഷ നിയമ പ്രകാരം അയാളെ 12 മാസം വരെ തടങ്കലില്‍ വെക്കാനുള്ള അധികാരമാണ് ദേശീയ സുരക്ഷ നിയമം നല്‍കുന്നത്. ഉത്തര്‍ പ്രദേശില്‍ നിലനില്‍ക്കുന്ന പശു കശാപ്പ് നിരോധന നിയമ പ്രകാരം ഓഗസ്റ്റ് 26 വരെ 1,716 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

4,000 പേരാണ് യുപിയില്‍ മാത്രം ഇതേ കുറ്റത്തില്‍ അറസ്റ്റിലായിട്ടുള്ളത്. പ്രതികള്‍ക്കെതിരെ മതിയായ തെളിവ് ലഭിക്കാത്തതിനാല്‍ 32 കേസുകള്‍ അവസാനിപ്പിച്ചിരുന്നു.

അതേസമയം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ മാത്രമാണ് ഉത്തര്‍ പ്രദേശില്‍ കേസെടുത്തിരിക്കുന്നത്. പൗരത്വ വിരുദ്ധ ചട്ടപ്രകാരം 13 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlight: In Uttar Pradesh, more than half of NSA arrests this year were for cow slaughter