കൊവിഡ് ഭേദമായവർക്ക് മാർഗനിർദേശം ഇറക്കി കേന്ദ്ര സർക്കാർ; പ്രതിരോധ ശേഷിക്ക് ച്യവനപ്രാശം

Yoga, chyawanprash, turmeric milk: Health Ministry issues guidelines for post-Covid care

കൊവിഡ് ഭേദമായവർക്ക് പ്രത്യേക മാർഗ നിർദേശവുമായി കേന്ദ്ര സർക്കാർ. പ്രതിരോധ ശേഷി വർധിക്കാൻ ച്യവനപ്രാശവും ആയുഷ് മന്ത്രാലയം നിർദേശിക്കുന്ന മരുന്നുകളും ഉപയോഗിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. യോഗയും നടത്തവും ശീലമാക്കണമെന്നും മാർഗനിർദേശത്തിലുണ്ട്. കൊവിഡ് ഭേദമായവരിൽ ചിലരിൽ ശാരീരികാസ്വാസ്ഥ്യം കണ്ടുവരുന്നതിനെ തുടർന്നാണ് കൊവിഡാനന്തര മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. രോഗം ഭേദമായവരിൽ ശരീര വേദന, ക്ഷീണം, തൊണ്ട വേദന, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവന്നിരുന്നു. ഇതിനെ മറികടക്കാനാണ് പുതിയ നിർദ്ദേശങ്ങൾ. 

ആയുഷ് മന്ത്രാലയം നിർദേശിച്ചിട്ടുള്ള മരുന്നുകൾ ഉപയോഗിക്കണം. പുകവലി, ആൽക്കഹോൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. യോഗ, പ്രാണയാമം, ധ്യാനം തുടങ്ങിയവ ചെയ്യണം. രാവിലെയും വൈകിട്ടും നടത്തം ശീലമാക്കണം. ഒരു സ്പൂൺ വീതം ച്യവനപ്രാശം കഴിക്കാനും നിർദേശിച്ചിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ വിശ്രമം നൽകണമെന്നും ചൂടുവെള്ളം ആവശ്യത്തിന് കുടിക്കണമെന്നും നിർദേശത്തിലുണ്ട്. അസുഖം മാറിയതിന് ശേഷവും മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുളള കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും പറയുന്നു.

content highlights: Yoga, chyawanprash, turmeric milk: Health Ministry issues guidelines for post-Covid care