‘മാസ്‌ക് വിരുദ്ധര്‍’ക്ക് വിചിത്ര ശിക്ഷയുമായി ഇന്‍ഡൊനീഷ്യ

ജക്കാര്‍ത്ത: മാസ്‌ക് ധരിക്കാത്തവര്‍ക്ക് വിചിത്ര ശിക്ഷാ രീതിയുമായി ഇന്തോനേഷ്യ. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാത്തവരെ കൊവിഡ് 19 ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ കുഴിയെടുപ്പിച്ചാണ് അധികാരികള്‍ ശിക്ഷിച്ചത്. എട്ട് പേര്‍ക്കാണ് ഇത്തരത്തില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ ശിക്ഷ ലഭിച്ചത്.

ശ്മശാനത്തിലെ ജോലിക്കായി നിലവില്‍ മൂന്ന് പേര്‍ മാത്രമാണുള്ളതെന്നും അതിനാലാണ് നിയമം ലംഘിക്കുന്നവര്‍ക്ക് ശ്മശാനത്തിലെ ജോലി ശിക്ഷയായി നല്‍കാമെന്ന് തീരുമാനിച്ചതെന്നും സെര്‍മേ ജില്ലാമേധാവി സുയോനോ പറഞ്ഞു. രണ്ട് പേര്‍ക്ക് കുഴിയെടുക്കാനും ഒരാള്‍ക്ക് കുഴികളുടെ മേല്‍നോട്ടവും ബാക്കിയുള്ളവര്‍ക്ക് കുഴികളില്‍ പലകകള്‍ നിരത്താനുള്ള ചുമതലയുമാണ് നല്‍കിയതെന്നും സുയോനോ പറഞ്ഞു.

പ്രദേശത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടയിലും ജനങ്ങള്‍ നിരുത്തരവാദപരമായി പെരുമാറുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിചിത്രമായ ശിക്ഷയോടെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായും അദ്ദേഹം അറിയിച്ചു. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്‍ഡൊനീഷ്യയില്‍ തുടര്‍ച്ചയായി ആറാം ദിവസവും പുതിയ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിലധികമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Content Highlight: In Indonesia’s Java, Punishment for Not Wearing Masks is Digging Graves for Covid-19 Victims