കൊവിഡ് ആശങ്ക: തയാറാകുന്ന വാക്‌സിന്റെ പകുതിയും സ്വന്തമാക്കി സമ്പന്ന രാജ്യങ്ങള്‍

വാഷിങ്ടണ്‍: ആഗോള തലത്തില്‍ കൊവിഡ് ആശങ്ക തുടരുന്നകതിനിടെ തയാറായിക്കൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിനുകളുടെ പകുതിയും സ്വന്തമാക്കി സമ്പന്ന രാജ്യങ്ങള്‍. അവസാനഘട്ട പരീക്ഷണത്തിലിരിക്കുന്ന വാക്‌സിനുകള്‍ ഉദ്പാദിപ്പിക്കുന്നവരുമായി സമ്പന്ന രാജ്യങ്ങള്‍ നേരത്തെ തന്നെ ധാരണയിലെത്തിയതായാണ് ഓക്‌സ്ഫാം എന്ന സന്നദ്ധ സംഘടന നല്‍കുന്ന റിപ്പോര്‍ട്ട്.

പ്രാരംഭഘട്ടത്തില്‍ ആകെ ഉത്പാദിപ്പിച്ചെടുക്കാന്‍ സാധ്യതയുള്ള വാക്സിന്റെ പകുതിയും ഇപ്പോഴേ സമ്പന്ന രാജ്യങ്ങള്‍ സ്വന്തമാക്കിയെന്നാണ് ഓക്‌സ്ഫാം ചൂണ്ടികാട്ടുന്നത്. യുഎസ്, യുകെ, ഓസ്ട്രേലിയ, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളാണ് വാക്സിന്റെ നല്ലൊരു പങ്കും ഇപ്പോഴേ സ്വന്തമാക്കിയിരിക്കുന്നത്. ബാക്കി വരുന്ന വാക്സിനില്‍ ഒരു പങ്ക് ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, മെക്സിക്കോ പോലുള്ള രാജ്യങ്ങളും സ്വന്തമാക്കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, പണമനുസരിച്ച് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനെ എതിര്‍ത്ത് ഓക്‌സ്ഫാം അമേരിക്കയുടെ വക്താവ് റോബര്‍ട്ട് സില്‍വര്‍മാന്‍ രംഗത്തെത്തി. കൊവിഡ് 19 പ്രതിസന്ധികള്‍ എല്ലാ രാജ്യങ്ങളും ഒരേപോലെയാണ് അനുഭവിച്ചതെന്നും അതിനാല്‍ തന്നെ വാക്‌സിനും പക്ഷപാതമില്ലാതെ വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ജീവന്‍ രക്ഷിക്കാനുള്ള മരുന്ന് ഒരാളുടെ പോക്കറ്റില്‍ പണമുണ്ടോയെന്ന് നോക്കിയല്ല നല്‍കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Content Highlight: Oxfam reports Rich Countries already ordered half percent of Covid Vaccines in progress