തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തി നില്ക്കുന്ന സാഹചര്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ സമരത്തെ വിമര്‍ശിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഏഴ് മാസത്തെ കഠിന പ്രയത്നങ്ങളുടെ ഫലം നിമിഷങ്ങള്‍കൊണ്ട് ഇല്ലാതാക്കരുതെന്നും മന്ത്രി പറഞ്ഞു. ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കുന്ന നിലപാടാണ് നിലവില്‍ സമരക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ വൈറസിന് ജനിതക മാറ്റം വന്നുവെന്നും വ്യാപന ശേഷി കൂടുതലാണെന്നുമാണ് ഗവേഷകര്‍ നല്കുന്ന വിശദീകരണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. സമരക്കാരെ പറഞ്ഞ് മനസ്സിലാക്കണമെന്നും ആരോഗ്യമന്ത്രി താക്കീത് നല്കി. അതീവ ശ്രദ്ധ വേണ്ട ഘട്ടത്തിലാണ് പ്രതിസന്ധി തീര്‍ത്ത് പ്രതിപക്ഷം സമരവുമായി ഇറങ്ങിയിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വ്യാപന ഘട്ടത്തില്‍ കൂട്ടം കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമാണ് സമരക്കാര്‍ ലംഘിക്കുന്നതെന്നും ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണിതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ ആറാം ദിവസവും നീളുന്ന പ്രതിഷേധത്തിനിടെ വന്‍ സംഘര്‍ഷമാണ് നടന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. വി ടി ബല്‍റാം എംഎല്‍എയ്ക്കും ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. കോട്ടയത്തെ യുവമോര്‍ച്ചാ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.
Content Highlight: Health Minister on protest of opposition