ഡല്‍ഹി കലാപം: അന്വേഷണം നീതിയുക്തമാകണം; രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷ നേതാക്കള്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തില്‍ ആശങ്കയറിയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാം നാഥ് കൊവിന്ദുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച്ചയില്‍ ഡല്‍ഹി പൊലീസിന്റെ അന്വേഷണ രീതിയും, ഇതുവരെയുള്ള അന്വേഷണത്തെ അവരെങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും കാണിച്ച് മെമൊറാണ്ടവും നേതാക്കള്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു.

കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍, സിപിഐ നേതാവ് ഡി രാജ, സിപിഐ (എം) നേതാവ് സിതാറാം യെച്ചൂരി, ഡിഎംകെ നേതാവ് കനിമൊഴി, ആര്‍ജെഡി നേതാവ് മനോജ് ഝാ തുടങ്ങിയവരാണ് രാഷ്ട്രപതിയെ കണ്ടത്.

ഉചിതവും നീതിയുക്തവുമായ അന്വേഷണമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അതിനാണ് രാഷ്ട്രപതിയെ കണ്ടതെന്നും ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു. ഡല്‍ഹി കലാപം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടാണ് ഉണ്ടായതെന്നും, രാഷ്ട്രീയക്കാര്‍, ആക്റ്റിവിസ്റ്റുകള്‍, സാമ്പത്തിക വിദഗ്ധര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ലക്ഷ്യം വെച്ചാണ് നടത്തിയതെന്നും കനിമൊഴി ചൂണ്ടികാട്ടി.

അറസ്റ്റിലായവരുടെ മൊഴി ഉദ്ധരിച്ച് ഡല്‍ഹി പൊലീസ് അടുത്തിടെ പുറത്തിറക്കിയ സപ്ലിമെന്ററി കുറ്റപത്രത്തില്‍ സീതാറാം യെക്കുറി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധന്‍ ജയതി ഘോഷ്, ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ അപൂര്‍വാനന്ദ് എന്നിവരെ ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപത്തില്‍ പ്രതിചേര്‍ത്തിരുന്നു.

Content Highlight: Opposition leaders meet President over Delhi riots investigation