തിരുവനന്തപുരം: ആറ് മാസത്തേക്ക് കൂടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രത്യക്ഷ പ്രതിഷേധത്തിനൊരുങ്ങി കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ). അനുവദനീയമായ അവധി പോലും എടുക്കാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കണമെന്ന ആവ്യവും സംഘടന ഉയര്‍ത്തി.
ലോകത്താകമാനം കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും, കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അധിക ആനുകൂല്യവും നല്‍കുന്നതിനിടയിലാണ് സംസ്ഥാനത്ത് ഇത്തരമൊരു നടപടിയെന്ന് കെജിഎംഒഎ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നടപടി അത്യതികം പ്രതിഷേധാര്‍ഹമാണെന്നും സംഘടന ചൂണ്ടികാട്ടി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം തടഞ്ഞുവക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത ശമ്പളം ഉടന്‍ വിതരണം ചെയ്യണമെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരാന്‍ തീരുമാനിച്ചത്. ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Content Highlights: KGMOA protest against mandatory salary cut