രാജ്യത്ത് കുറവില്ലാതെ കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 1,247 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കുറവില്ലാതെ കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, രോഗികളായവരെക്കാള്‍ രോഗമുക്തരായവരുടെ എണ്ണം വര്‍ദ്ധിച്ചതില്‍ ആശ്വാസത്തിലാണ് രാജ്യം. ഇന്നലെ മാത്രം 95,880 പേരാണ് രാജ്യത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1,247 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 85,619 ആയി. 79.28 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

സെപ്റ്റംബര്‍ മാസം മാത്രം രാജ്യത്ത് 16,86,769 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ജൂലൈ പകുതിയോടെ രാജ്യത്ത് സ്ഥിരീകരിക്കുന്ന കേസുകള്‍ 7.5 ശതമാനമായിരുന്നെങ്കില്‍, സെപ്റ്റംബര്‍ മാസത്തില്‍ ഇത് 10.58 ശതമാനമായി ഉയര്‍ന്നിരുന്നു.

Content Highlight: India’s Covid Cases Cross 53 Lakh, Record 95,880 Recoveries In A Day