തിരുവനന്തപുരം: കെ ടി ജലീല്‍ വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന നേതൃത്വം. ചോദ്യം ചെയ്തതിന്റെ പേരില്‍ കേരളത്തില്‍ ഒരു മന്ത്രിയും രാജി വെച്ചിട്ടില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഒരു നിമിഷം പോലും കെ ടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കാനം പറഞ്ഞു.
ജലീല്‍ ഏതെങ്കിലും തരത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ കേന്ദ്രത്തിന് ജലീലിനെതിരെ കേസെടുക്കാമെന്നും കാനം വിശദീകരിച്ചു. എന്നാല്‍, കേന്ദ്രം ഇതേവരെ ജലീലില്‍ നിന്ന് യാതൊരു വിശദീകരണവും ഇക്കാര്യത്തില്‍ തേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖുര്‍ ആന്‍ കൊണ്ടു വന്നത് മന്ത്രി പറഞ്ഞിട്ടല്ലെന്നും, ഇറക്കുമതിയുടെ കുറ്റം മന്ത്രിയുടെ തലയില്‍ കെട്ടി വെക്കരുതെന്നും കാനം പറഞ്ഞു.
നേരത്തെ ഇ പി ജയരാജന് നേരെ ആക്ഷേപം വന്നപ്പോള്‍ അദ്ദേഹത്തിന് സ്വയം ഒഴിഞ്ഞ് നില്‍ക്കാമെന്ന് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. തോമസ് ചാണ്ടിയുടെ രാജി കോടതി പരാമര്‍ശത്തിന്റെ പേരിലായിരുന്നെന്നും കാനം വ്യക്തമാക്കി. കൂടാതെ, ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ഹാജരായപ്പോള്‍ എം എന്‍ ഗോവിന്ദന്‍ നായരും, ടി വി തോമസും രാജി വെച്ചിരുന്നെന്ന് കാനം പറഞ്ഞു. അതേസമയം, ജുഡീഷ്യന്‍ കമ്മീഷന് മുന്നില്‍ ഹാജരായ ഉമ്മന്‍ചാണ്ടി രാജി വെച്ചില്ലെന്നതും കാനം ചൂണ്ടികാട്ടി.
കേന്ദ്ര ഏജന്‍സിക്ക് വേണമെങ്കില്‍ 19 മന്ത്രിമാരെയും ചോദ്യം ചെയ്യാമെന്ന് പറഞ്ഞ കാനം, ധാര്‍മികതയുടെ കാര്യം ജലീല്‍ വിഷയത്തില്‍ ഉദിക്കുന്നില്ലെന്നും വ്യക്തമാക്കി.
Content Highlight: Kanam Rajendran on K T Jaleel topic