കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടത്തേയ്ക്ക് തന്നെ

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇടതു സര്‍ക്കാരുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഒരുങ്ങി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. കെ. എം മാണിയുടെ മരണ ശേഷം പാര്‍ട്ടിയുടെ ചുമതല സംബന്ധിച്ച തര്‍ക്കമാണ് കേരളാ കോണ്‍ഗ്രസിനെ സിപിഎമ്മുമായി ലയിക്കുന്നതിലേക്ക് എത്തിച്ചത്.

അനൗദ്യോഗികമായാണ് സിപിഎമ്മുമായുള്ള ധാരണ ജോസ് വിഭാഗം പുതുക്കിയിരിക്കുന്നത്. ഇതിനുള്ള ആദ്യപടിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തില്‍ സിപിഎം നേതൃത്വത്തിന് അനൗദ്യോഗികമായി കൈമാറിയിട്ടുണ്ട്. പ്രാദേശികമായി സിപിഎം ഏരിയാ, ജില്ലാ സെക്രട്ടറിമാര്‍ക്കാണ് പട്ടിക കൈമാറിയിട്ടുള്ളത്.

യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ ജോസ് കെ മാണി വിഭാഗത്തെ സ്ഥാനാര്‍ത്ഥിമാരെ വെച്ച് ജയിക്കാനാകുമോയെന്ന നിരീക്ഷണം സിപിഎം നടത്തുന്നുണ്ട്. അതേസമയം, യുഡിഎഫില്‍ ലഭിച്ചതിനെക്കാള്‍ സീറ്റുകള്‍ ഇടതു സഖ്യത്തില്‍ മത്സരിക്കാന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗം.

കേരളാ കോണ്‍ഗ്രസ് എം-സിപിഎം സഖ്യത്തെ എതിര്‍ത്ത സിപിഐ നിലപാടില്‍ അയവു വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും സിപിഐ നിലപാട് തിരുത്തി സഖ്യത്തിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് സിപിഎം. കേരളാ കോണ്‍ഗ്രസ് എം രാഷ്ട്രീയ നിലപാട് വ്യക്തമാക്കട്ടെയെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്.

Content Highlight: Kerala Congress (M) move on with Left Alliance