ജീവിത ശെെലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് കേരളത്തിന് ലഭിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എൻ ചാനലിലൂടെ അവാർഡ് പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയിൽ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ മന്ത്രി കെ. കെ. ഷെെലജ പ്രതികരിച്ചു. ഈ അംഗീകാരം നേടാൻ പ്രയത്നിച്ച എല്ലാ ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞത് ജീവിതശെെലി രോഗങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ എല്ലാ ആശുപത്രികളിലും ജീവിത ശെെലി രോഗ നിർണയത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
മികച്ച ജീവിതശെെലി രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് യുഎൻഐഎടിഎഫ് എല്ലാ വർഷവും നടത്തിവരുന്ന അവാർഡ് ആണിത്. സർക്കാർ വിഭാഗത്തിൽ തെരഞ്ഞെടുത്ത 7 രാജ്യങ്ങൾക്ക് ഒപ്പമാണ് കേരളവും തെരഞ്ഞെടുക്കപ്പെട്ടത്. റഷ്യ, ബ്രിട്ടൻ, മെക്സികോ, നെെജീരിയ, അർമേനിയ, സെൻ്റ് ഹെലന എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് രാജ്യങ്ങൾ. ആരോഗ്യ വകുപ്പ് നടപ്പിലാക്കിവരുന്ന ജീവിതശെെലി രോഗ നിയന്ത്രണ പദ്ധതിയിലൂടെ കേരളത്തിലെ വലിയൊരു ജനവിഭാഗത്തിന് ചികിത്സയും സൌജന്യ സേവനങ്ങളും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അവാർഡ് നൽകിയത്.
content highlights: Kerala Wins UN Award For Control Of Non-Communicable Diseases