രോഗവ്യാപന നിരക്കില്‍ തമിഴ്‌നാടിനെ പിന്തള്ളി കേരളം ഒന്നാമത്; രോഗികളുടെ എണ്ണം ഇനിയും ഉയരും

തിരുവനന്തപുരം: രാജ്യത്ത് രോഗ വ്യാപന നിരക്കില്‍ കേരളം ഒന്നാമതെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ദിനംപ്രതിയുള്ള കണക്കില്‍ ആയിരത്തിലധികം പേര്‍ക്കാണ് മുന്‍ ദിവസത്തെക്കാള്‍ രോഗം സ്ഥിരീകരിക്കുന്നത്. വരുന്ന ആഴ്ച്ചകളില്‍ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേ സമയം ചികിത്സയിലുള്ളവരുടെ എണ്ണം എഴുപത്തയ്യായിരം വരെയാകാമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

സാമൂഹിക അകലം പാലിക്കാതെയുള്ള ഒത്തുചേരലുകളും സമരങ്ങളും രോഗ വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. നിയമവിരുദ്ധമായിരുന്നിട്ടും ആളുകല്‍ ഒത്തുകൂടിയുള്ള സമര പരിപാടികള്‍ ശരിയല്ലെന്നും അങ്ങനെ വന്നാല്‍ രോഗ വ്യാപനം ഇനിയും കൂടുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

അതേസമയം, രോഗികളുടെ പ്രതിദിന വര്‍ദ്ധന നിരക്കില്‍ കേരളം നാലാം സ്ഥാനത്താണ്. ഓണത്തിന് ശേഷമാണ് കേരളത്തില്‍ ഇത്രയധികം കേസുകള്‍ ഉയര്‍ന്നതെന്നാണ് കണ്ടെത്തല്‍. പ്രതിദിനകണക്കില്‍ മഹാരാഷ്ട്രയും, ആന്ധ്രാപ്രദേശും, കര്‍ണാടകവുമാണ് കേരളത്തിന് മുന്നിലുള്ളത്.

ആന്ധ്രയിലും മറ്റും പരിശോധനാനിരക്ക് കൂടുതലാണ്. കേരളത്തില്‍ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമാക്കുകയെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അരലക്ഷത്തിനുമുകളിലായിരുന്നു പരിശോധന. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്.

Content Highlight: Covid cases will increase in Kerala in coming Weeks