കൊവിഡ് പ്രതിരോധവുമായി ബന്ധപെട്ട് കേരളം സ്വീകരിച്ച സമീപനം ശരിയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പല രാജ്യങ്ങളും ഹെർഡ് ഇമ്യൂണിറ്റി എന്ന സമീപനം സ്വീകരിച്ചപ്പോൾ കേരളം ആ സമീപനമല്ല സ്വീകരിച്ചതെന്നും കേരളത്തിന്റെ സമീപനം ശരിയെന്ന് ഓർമ്മപെടുത്തുന്ന അനുഭവമാണ് ലോകത്തിന്റെ വിവധ ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ നമുക്ക് ഉള്ളതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കൊവിഡിനെ സ്വതന്ത്രമായി വിടാനും ആയിരങ്ങൾ മരണത്തിന് കീഴടങ്ങാനുമല്ല കേരളം തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊവിഡ് വ്യാപനത്തിന്റെ ആഴം വളരെ താഴ്ത്തി കൊണ്ടു വരുവാനും പകർച്ചയുടെ ഗ്രാഫ് കുറയ്ക്കുവാനും ശ്രമിച്ചു. അതു കൊണ്ട് കൊവിഡിന്റെ ആദ്യ കേസു മുതൽ ഇന്നു വരെ കോവിഡിന്റെ ഗ്രാഫ് താഴ്ത്താന്‍ എല്ലാ ഇടപെടലും നടത്തുകയും ചെയ്തു. ചില ഘട്ടങ്ങളില്‍ നന്നായി വിജയിച്ചു. ഗ്രാഫ് താഴ്ത്തി സീറോ ലെവലില്‍ എത്തിക്കാനും മരണനിരക്കും രോഗ വ്യാപന നിരക്കും ഒരു ഘട്ടത്തില്‍ കുറച്ചു നിര്‍ത്താന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. എന്നാൽ മറ്റൊരു ഘട്ടത്തിൽ ഗ്രാഫുകൾ വീണ്ടും ഉയർന്നു.
ലോക്ഡൌൺ എടുത്തു മാറ്റുമ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നു. ഈ സാഹചര്യത്തിലും കേരളം കോവിഡ് പ്രതിരോധത്തിലെ സമീപനം മാറ്റിയിട്ടില്ല. ഇളവുകള്‍ നല്കിയ പല രാജ്യങ്ങളും ഇപ്പോള്‍ വീണ്ടും കടുത്ത ഷട്ട് ഡൗണിലേക്ക് നീങ്ങാന്‍ ആലോചിക്കുന്നുണ്ട്. നിസാരമായി തള്ളിക്കളയേണ്ടതല്ല, വളരെ ഗൗരവതരമായി കാണേണ്ട ഒന്നാണ് കോവിഡ് വൈറസ് എന്നും കെ.കെ. ശൈലജ പറഞ്ഞു.
കേരളത്തില്‍ രോഗമുക്തി നിരക്ക് കുറവല്ല. ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ കേരളത്തില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നുള്ളൂ. നെഗറ്റീവ് ആകാന്‍ പലര്‍ക്കും വേണ്ടത് വ്യത്യസ്ത സമയമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തന്നെ നിര്‍ദേശം അനുസരിച്ച് രോഗി അഡ്മിറ്റായി നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന രീതി മറ്റു പലയിടത്തുമുണ്ട്. ഇവിടങ്ങളില്‍ കൂട്ടത്തോടെ ആളുകളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എന്നാൽ കേരളത്തില്‍ ഇത്തരത്തില്‍ ഡിസ്ചാര്‍ജ് ചെയ്യാറില്ലെന്നും മന്ത്രി പറഞ്ഞു..
Content Highlights; kk sailaja on kerala covid resistance