ശബരിമലയിൽ ഡ്യൂട്ടിക്ക് തയ്യാറുള്ള ആരോഗ്യപ്രവർത്തകരുടെ പാനൽ തയ്യാറാക്കാൻ സർക്കാർ തീരുമാനം

government to form panel of health workers for sabarimala duty

ശബരിമലയിൽ ഡ്യൂട്ടിക്ക് തയ്യാറുള്ള ആരോഗ്യ പ്രവർത്തകരുടെ പാനൽ തയ്യാറാക്കാൻ സർക്കാർ തീരുമാനം. ഇതിനായി സർക്കാർ സർവീസിൽ അല്ലാത്തവർ അടക്കമുള്ള ഡോക്ടർമാരുടെ പട്ടിക ദേവസ്വം ബോർഡ് തയ്യാറാക്കും. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ശബരിമല തീർത്ഥാടനം അനുവദിക്കുന്നതിനോട് ആരോഗ്യ വകുപ്പ് വിയോജിക്കുകയും ഡ്യൂട്ടി നൽകുന്നതിനെ ഡോക്ടർമാർ സംഘടന എതിർക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ തീർത്ഥാടകരുടെ എണ്ണം കുറച്ച് ശബരിമല ദർശനം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതിനാൽ ആരോഗ്യ വകുപ്പ് സൌകര്യമൊരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കൊവിഡ് പ്രതികൂല സാഹചര്യം തീർത്ഥാടനത്തെ ബാധിക്കാതിരിക്കാൻ ആരോഗ്യ പ്രവർത്തകരുടെ പാനൽ തയ്യാറാക്കുന്നതിനായി ദേവസ്വം മന്ത്രി വിളിച്ച ഉന്നത തല യോഗത്തിൽ തീരുമാനമായി. ചീഫ് സെക്രട്ടറി തല വിദഗ്ദ സമിതി നിർദേശിച്ച നിയന്ത്രണങ്ങളുടെ ഒരുക്കങ്ങൾ തുടരാനും സർക്കാർ തീരുമാനിച്ചു. ഇതിനോടകം തയ്യാറാക്കിയ ദർശന നിയന്ത്രണങ്ങളിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൊവ്വാഴ്ച അഭിപ്രായം വ്യക്തമാക്കിയ ശേഷം മാർഗ നിർദേശം പുറത്തിറക്കിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം.

Content Highlights; government to form panel of health workers for sabarimala duty