കൊവിഡ് പോരാട്ടത്തില്‍ ചൈന നേടിയത് അസാമാന്യ വിജയം; ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് ഷി ജിങ്പിങ്

ബെയ്ജിങ്: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ചൈന നേടിയത് അസാമാന്യ വിജയമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. കൊവിഡിനെ തുരത്തുന്നതില്‍ രാജ്യത്തിന് അകമഴിഞ്ഞ സേവനം കാഴ്ച്ചവെച്ച മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അസാധാരണവും ചരിത്രപരവുമായൊരു പരീക്ഷയാണ് ചൈന പാസ്സായതെന്നും ഷി ജിന്‍പിങ് പറഞ്ഞു.

വളരെ സുതാര്യവും തുറന്ന മനസ്സോടെയുമാണ് കൊവിഡ് പ്രവര്‍ത്തനങ്ങളെ നേരിട്ടതെന്നും അതിലൂടെ ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാനായെന്നും ചൈന അവകാശപ്പെട്ടു. കൊവിഡ് പോരാട്ടത്തിലും സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും ചൈന തന്നെയാണ് മുന്നിലെന്നും ഷി ജിന്‍പിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊവിഡ് ആദ്യം സ്ഥിരീകരിച്ച ചൈനയെ രോഗ വ്യാപന പ്രദേശമായാണ് അമേരിക്കയും ഓസ്‌ട്രേലിയയുമടക്കം ചിത്രീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ചൈന വൈറസ് വിവരങ്ങള്‍ മൂടി വെക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു.

Content Highlight: China passed extraordinary and historic test in handling Corona virus,says Xi Jinping