ന്യൂഡല്‍ഹി: കേരളത്തിലെ അതിവേഗ യാത്രയ്ക്ക് മുതല്‍കൂട്ടാകുന്ന തിരുവനന്തപുരം-കാസര്‍ഗോഡ് സെമിഹൈസ്പീഡ് റെയില്‍ പദ്ധതി പ്രായോഗികമെന്ന് സൂചന. റെയില്‍വേ ബോര്‍ഡിന്റെ മുന്നിലുള്ള പദ്ധതിക്ക് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അംഗീകാരം നല്കിയാല് അഞ്ച് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചന.
നിലവില്‍ 12 മുതല്‍ 15 മണിക്കൂര്‍ വരെയെടുക്കുന്ന തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രയ്ക്ക് സെമിഹൈസ്പീഡ് റെയില്‍ പദ്ധതി സാധ്യമായാല്‍ വെറും നാലര മണിക്കൂറില്‍ തിരുവന്തപുരത്ത് നിന്ന് കാസര്ഗോട്ടെത്താം. 56,000 കോടിയോളം രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. അംഗീകാരം ലഭിച്ചാല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ പദ്ധതിയുടെ ഉദ്ഘാടനം നടത്താനാണ് ആലോചന.
ഡിസൈന്‍ സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്ററാണ്. ശരാശരി 125 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. 575 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ രണ്ട് പാതകള്‍ നിര്‍മിക്കേണ്ടത്.
പദ്ധതി നിക്ഷേപം സംബന്ധിച്ചും മറ്റുകാര്യങ്ങളും ആലോചിക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥലമെടുപ്പിനായി ഓരോ ജില്ലകളിലും റവന്യൂ വകുപ്പിന്റെ ഓഫീസ് തുറക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിരുന്നു.
Content Highlight: Semi High Speed Rail Project-Railway Board








