ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് കൂട്ടിരുപ്പുകാരെ അനുവദിച്ചു; നിർദേശം കൊവിഡ് രോഗി പുഴുവരിച്ച സംഭവം വിവാദമായതിന് പിന്നാലെ

Covid Hospitals has been instructed to allow bystander for patients: health minister

ആശുപത്രികളിൽ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ഇനിമുതൽ കൂട്ടിരിപ്പുകാരെ അനുവദിക്കും. കൂട്ടിരിപ്പുകാരെ അനുവദിക്കാൻ ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷെെലജ അറിയിച്ചു. കൊവിഡ് ബോർഡിൻ്റെ നിർദേശ പ്രകാരം സൂപ്രണ്ടുമാർ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിൻ്റെ പുതിയ നിർദേശം.

രോഗിയുടെ അവസ്ഥയും സഹായത്തിൻ്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലായിരിക്കണം സൂപ്രണ്ടുമാർ കൂട്ടിരിപ്പുകാരെ അനുവദിക്കേണ്ടത്. കൂട്ടിരുപ്പുകാരെ അനുവദിക്കണോ വേണ്ടയോ എന്ന് കൊവിഡ് ബോർഡ് വിലയിരുത്തും. രോഗിയുടെ ബന്ധുവിനെ കൂട്ടിരിപ്പുകാരനാകാൻ അനുവദിക്കും. കൂട്ടിരിക്കുന്നയാൾ ആരോഗ്യവാനായ വ്യക്തിയായിരിക്കണം. നേരത്തെ കൊവിഡ് പോസിറ്റീവായ ആളാണ് കൂട്ടിരിപ്പ്കാരനെങ്കിൽ നെഗറ്റീവ് ആയി ഒരു മാസം കഴിഞ്ഞിരിക്കണം. ഇവർ രേഖാമൂലമുള്ള സമ്മതം നൽകേണ്ടതാണ്. കൂട്ടിരിക്കുന്ന ആളിന് പിപിഇ കിറ്റ് അനുവദിക്കും. ഇവർ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. 

content highlights: Covid Hospitals has been instructed to allow bystander for patients: health minister