കാര്‍ഷിക ബില്‍ സമവായത്തിന് കൃഷിമന്ത്രിയില്ലാതെ ചര്‍ച്ചക്ക് ഒരുങ്ങി കേന്ദ്രം; ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രം പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച കര്‍ഷക കൂട്ടായ്മയുമായി കേന്ദ്രം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൃഷി മന്ത്രി എത്തിയില്ല. 30 കര്‍ഷക സംഘടനകളുടെ പ്രതിനിധികളെയാണ് ചര്‍ച്ചയ്ക്കായി കേന്ദ്രം വിളിച്ചത്. എന്നാല്‍ കര്‍ഷക വകുപ്പ് മന്ത്രിക്ക് പകരം കാര്‍ഷിക വകുപ്പ് സെക്രട്ടറി എത്തിയതോടെ കര്‍ഷകര്‍ പ്രതിഷേധിച്ചു. മുദ്രാവാക്യം വിളികളോടെ കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പ് വലിച്ചു കീറിയാണ് കാര്‍ഷിക സംഘടന പ്രതിനിധികള്‍ പ്രതിഷേധിച്ചത്.

കൃഷിമന്ത്രി മഹേന്ദ്ര സിങ് തോമര്‍ തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. നിയമത്തിനെതിരെ പ്രതിഷേധം തുടരുമന്നും സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി.

കാര്‍ഷിക നിയമം പാര്‍ലമെന്റില്‍ പാസാക്കിയത് മുതല്‍ കര്‍ഷക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങയിരുന്നു. ഇത് പ്രകാരമാണ് കര്‍ഷക സംഘടനകളുമായി ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്രം അറിയിച്ചത്. എന്നാല്‍ കൃഷി മന്ത്രിയുടെ അഭാവത്തില്‍ യോഗത്തില്‍ ചര്‍ച്ച നടത്താതെ തെറ്റി പിരിയുകയായിരുന്നു. പ്രതിഷേധം തുടരാനാണ് സംഘടനകളുടെ തീരുമാനം.

Content Highlight: Farmers Leave Meeting Over Minister’s Absence, Tear Copies Of Farm Laws