തൻ്റെ ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തിൻ്റെ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച നടൻ രജനികാന്തിന് കോടതിയുടെ താക്കീത്. കോടാമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന് മാർച്ച് ഒന്നു മുതൽ ആഗസ്റ്റ് വരെയുള്ള നികുതി കുടിശ്ശികയായി 6.5 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളത്. ഇത് കാണിച്ച് ചെന്നെെ കോർപറേഷൻ രജനികാന്തിന് നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് താരം മദ്രാസ് ഹെെക്കോടതിയെ സമീപിച്ചത്.
കോർപറേഷൻ അധികൃതർക്ക് ഹർജിക്കാരൻ നിവേദനം നൽകുന്നത് കഴിഞ്ഞ മാസം 23 തീയതിയാണ്. എന്നാൽ കോർപറേഷൻ്റെ മറുപടി ലഭിക്കുന്നത് വരെ നിൽക്കാതെ തിരക്കിട്ട് കോടതിയെ സമീപിച്ചതെന്തിനാണെന്ന് കോടതി ചോദിച്ചു. താങ്കളുടെ നിവേദനം തീർപ്പാക്കണമെന്ന് കോർപറേഷൻ അധികൃതരോട് നിർദേശിക്കുന്നത് അല്ലാതെ കോടതിക്ക് മറ്റ് ജോലികളില്ലെന്നാണോ കരുതിയതെന്നും ജസ്റ്റിസ് അനിത സുമന്ത് ചോദിച്ചു. കോടതിയുടെ സമയം പാഴാക്കരുതെന്ന് പറഞ്ഞ കോടതി ചെലവ് സഹിതം പരാതി തള്ളുമെന്ന് പറഞ്ഞു. ഇതോടെ ഹർജി പിൻവലിച്ചു.
content highlights: Madras high court warns Rajinikanth of imposing cost