അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച ശബരിമല സന്നിധാനത്ത് ഭക്തരെത്തും. ശനിയാഴ്ച രാവിലെ അഞ്ചുമണി മുതലാണ് ഭക്തർക്ക് പ്രവേശനം. മണ്ഡല-മകര വിളക്ക് പൂജകൾക്ക് പരമാവധി 5000 പേർക്ക് മാത്രമായിരിക്കും പ്രവേശനം. വെർച്വൽ ക്യൂവഴിയായിരിക്കും സന്നിധാനത്തേക്ക് പ്രവേശനം. ശനി, ഞായർ ദിവസങ്ങളിൽ 2000 പേരെ അനുവദിക്കും. ഹെെക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ശബരിമല തീർഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ വിശദമാക്കിയത്. തുലാമാസ പൂജകൾക്കായി വെള്ളിയാഴ്ച വെെകിട്ട് അഞ്ചിന് നട തുറക്കും.
മലകയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കട്ട് ഭക്തർ കരുതണം. തീർഥാടകർ നിർബന്ധമായും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. വെർച്യൽ ക്യൂവിലൂടെ ബുക്കിങ് നടത്തിയപ്പോൾ അനുവദിച്ച സമയത്തു തന്നെ ഭക്തർ എത്തണം. പമ്പ നദിയിൽ കുളിക്കാൻ അനുവദിക്കില്ല. പകരം ഇവിടെ ഷവറുകൾ സ്ഥാപിക്കും. പൂജ സമയങ്ങളിൽ ഭക്തർക്ക് സന്നിധാനത്ത് പ്രവേശനം ഉണ്ടാവില്ല. സന്നിധാനത്തും പമ്പയിലും തീർത്ഥാടകരെ തങ്ങാൻ അനുവദിക്കില്ല. മല കയറുമ്പോൾ മാസ്ക് ധരിക്കുന്നത് പ്രയാസമാണ്. മറ്റുള്ള സമയത്ത് നിർബന്ധമാണ്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീർഥാടകർക്കായി ആരോഗ്യ വകുപ്പിൻ്റെ കീഴിൽ കൊവിഡ് പരിശോധന സംവിധാനങ്ങൾ ഒരുക്കുമെന്നും സർക്കാർ ഹെെക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.
content highlights: Covid-19 negative report mandatory for Sabarimala pilgrimage