മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ വിവേക് ഒബ്രോയിയുടെ മുംബെെയിലെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെ വിവേക് ഒബ്രോയിയുടെ ഭാര്യ പ്രിയങ്ക ആൽവയ്ക്ക് ക്രെെംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സെൻട്രൽ ക്രെെംബ്രാഞ്ചാണ് നോട്ടീസ് അയച്ചത്. വിവേക് ഒബ്രോയിയുടെ ഭാര്യ സഹോദരൻ ആദിത്യ ആൽവയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. 12 മണിയോടെ ക്രെെംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
ബെംഗളൂരുവിലെ ആദിത്യ ആൽവയുടെ വീട്ടിലും കഴിഞ്ഞ മാസം പൊലീസ് പരിശോധന നടത്തിയിരുന്നു. ആദിത്യ നിലവിൽ ഒളിവിലാണ്. ആദിത്യയ്ക്ക് വേണ്ടിയാണ് വിവേകിൻ്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയത്. കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ ആൽവ. കർണാടക ചലചിത്രമേഖലയിലെ ഗായകർക്കും അഭിനേതാക്കൾക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ആദിത്യ അന്വേഷണം നേരിടുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ 15 ലേറെ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കന്നഡ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, എന്നിവർക്ക് പുറമെ റേവ് പാർട്ടി സംഘാടകരായ വിരേൻ ഖന്ന, രാഹുൽ ഥോൻസെ എന്നിവരും ഇതിൽ ഉൾപ്പെടും.
content highlights: Vivek Oberoi’s wife served notice in connection with the Sandalwood drug case