ഭരണകൂടം സംരക്ഷണം നൽകുന്നില്ലെങ്കിൽ ഇന്ത്യയിലെ ദളിതർ സ്വയരക്ഷ നേടണമെന്ന് ജിഗ്നേഷ് മേവാനി. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ ദളിത് പെൺകുട്ടികൾക്ക് പരിശീലനം നൽകുമെന്നും ഒക്ടോബർ 20 മുതൽ ഇതിനായി ക്യാമ്പ് നടത്തുമെന്നും മേവാനി അറിയിച്ചു. ബലാത്സംഗവും ലെെഗികാതിക്രമങ്ങളും തടയുകയാണ് ലക്ഷ്യം. ദളിത് വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് നേരെ രാജ്യത്ത് ലെെംഗിക അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് ജിഗ്നേഷ് മേവാനിയുടെ പാർട്ടിയായ രാഷ്ട്രീയ ദളിത് അധികാർ മഞ്ചിൻ്റെ പുതിയ തീരുമാനം. പാർട്ടി തന്നെ പരിശീലനത്തിന് നേതൃത്വം നൽകും.
മെഹ്സാനയിലെ പെൺകുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ പരിശീലനം നൽകാനാണ് ആലോചിക്കുന്നത്. ദളിതർക്കാണ് പ്രാധാന്യം നൽകുന്നതെങ്കിലും എല്ലാ ജാതി, മതങ്ങളിൽ പെട്ടവർക്കും പരിശീലനം നൽകും. 15 ദിവസത്തെ പരിശീലനത്തിന് എല്ലാവരിൽ നിന്നും 100 രൂപ ടോക്കൺ ഫീ ഈടാക്കും. പരിശീലനം പൂർത്തിയായാൽ പണം തിരികെ നൽകും. ദളിതർക്ക് സ്വയരക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാൻ ലെെസൻസ് നൽകണമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
content highlights: Gujarat: Mevani-led group to impart self-defense training to girls