വളര്‍ച്ചയില്‍ യുഎസിനെ പിന്നിലാക്കി ചൈന; ഐഎംഎഫ് ആസ്ഥാനം ബെയ്ജിങ്ങിലാക്കുമോയെന്ന് തരൂര്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ രാജ്യങ്ങളെല്ലാം താറുമാറായിരിക്കുന്നതിനിടെ വളര്‍ച്ചാ നിരക്കില്‍ മുന്നോട്ട് കുതിച്ച് ചൈന. ഇതോടെ യുഎസില്‍ നിന്ന് രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റുമോയെന്ന ചോദ്യം ഉന്നയിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഐഎംഎഫിന്റെ നിയമാവലി ചൂണ്ടികാട്ടിയാണ് തരൂരിന്റെ ട്വിറ്റര്‍ പോസ്റ്റ്.

ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയില്‍ ഐഎംഎഫിന്റെ ആസ്ഥാനം സ്ഥിതി ചെയ്യും എന്നതാണ് നിയമാവലിയെന്ന് ട്വിറ്ററിലൂടെ തരൂര്‍ പറയുന്നു. നിയമാവലി പ്രകാരം നിലവിലെ ചൈനയുടെ ഉയര്‍ന്ന വളര്‍ച്ച നിരക്ക് കണക്കിലെടുത്ത് ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റുമോയെന്നതാണ് ശശി തരൂരിന്റെ ട്വീറ്റ്. കഴിഞ്ഞ 75 വര്‍ഷമായി വാഷിങ്ടണിലാണ് ഐഎംഎഫ് ആസ്ഥാനം.

കൊവിഡ് മഹാമാരിയോടെയാണ് യുഎസിനെക്കാളേറെ സമ്പദ് വ്യവസ്ഥ കൈവരിച്ച രാജ്യമായി ചൈന മാറിയത്. ഈ വര്‍ഷം യുഎസ് സമ്പദ് വ്യവസ്ഥ 4.3 ശതമാനമായി ചുരുങ്ങുമെന്നും ചൈന മാത്രമായിരിക്കും വളര്‍ച്ച രേഖപ്പെടുത്തുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്നുമാണ് ഐഎംഎഫിന്റെ പ്രവചനം.

Content Highlight: Shashi Throor asks whether IMF headquarters moved to Beijing