സ്വപ്‌നയുമായുമായി ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട്; ശിവശങ്കറിനെ കുരുക്കിയത് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

കൊച്ചി: നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കുരുക്കിയത് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. ശിവശങ്കര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് സ്വപ്‌ന സുരേഷിന് വേണ്ടി ജോയിന്റ് അക്കൗണ്ട് തുറന്നതെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലിന്റെ മൊഴി. സ്വപ്‌നയുമായി ചേര്‍ന്ന് ജോയിന്റ് ലോക്കര്‍ തുറന്നതും ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് വേണുഗോപാല്‍ മൊഴി നല്‍കി.

സ്വപ്ന സുരേഷിനെ പി. വേണുഗോപാലിന് പരിചയപ്പെടുത്തിയ ശേഷം താന്‍ അവിടെനിന്ന് മടങ്ങിയെന്നാണ് എം.ശിവശങ്കര്‍ എന്‍ഫോഴ്മെന്റിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് പൂര്‍ണമായും തള്ളുകയാണ് പി.വേണുഗോപാല്‍. മുഴുവന്‍ സമയും ചര്‍ച്ചയില്‍ ശിവശങ്കര്‍ ഉണ്ടായിരുന്നുവെന്നും പി. വേണുഗോപാലിന്റെ മൊഴിയിലുണ്ട്. ശിവശങ്കറുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്നതിനാല്‍ സ്വപ്‌നയില്‍ നിന്ന് ഫീസ് വാങ്ങിയില്ലെന്നും മൊഴിയില്‍ പറയുന്നു.

പണമടങ്ങിയ ബാഗ് കൈമാറിയത് സ്വപ്ന സുരേഷാണ്. അതിന് മുമ്പ് ശിവശങ്കര്‍ വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. അതില്‍ 35 ലക്ഷം രൂപ അയക്കുന്നു എന്നകാര്യം പറഞ്ഞിരുന്നു. എന്നാല്‍ 30 ലക്ഷം രൂപ മാത്രമാണ് വന്നത്. ലോക്കര്‍ തുറന്ന് പണം നിക്ഷേപിച്ച ശേഷം എം.ശിവശങ്കറിന് വാട്സ് ആപ്പ് സന്ദേശം അയച്ചെന്നും അതിന് നന്ദിയെന്ന് മറുപടി ലഭിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്. പലതവണയായാണ് തുക മുഴുവന്‍ ലോക്കറില്‍ നിന്ന് എടുത്തതെന്നും ലോക്കര്‍ ക്ലോസ് ചെയ്യാനും വിളിച്ചിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണുഗോപാല്‍ മൊഴി നല്‍കിയിട്ടുണ്ട്.

പി. വേണുഗോപാലിനെ എന്‍ഫോഴ്സ്മെന്റിന്റെ കുറ്റപത്രത്തില്‍ സാക്ഷി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlight: Chartered Accountant P Venugopal’s Statement against M. Shivashankar