തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനവും മുന്നണി വിപുലീകരണവും ചര്‍ച്ചയാകുന്ന എല്‍ഡിഎഫിന്റെ നിര്‍ണ്ണായക യോഗം ഇന്ന് ചേരും. നിയമ സഭ സീറ്റ് ചര്‍ച്ചകള്‍ ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് യോഗത്തില്‍ ചര്‍ച്ച നടത്താനാണ് തീരുമാനമെന്നാണ് സൂചന.
ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐയില്‍ നിലനിന്നിരുന്ന എതിര്‍പ്പ് ഇന്നലെ നീങ്ങിയതോടെയാണ് യോഗം ചേരാനുള്ള തീരുമാനം. ജോസ് കെ മാണിയുടെ പ്രവേശനത്തില്‍ എതിര്‍പ്പ് വേണ്ടെന്ന് ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തീരുമാനിക്കുകയായിരുന്നു. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനും, കാനം രാജേന്ദ്രനും, കോടിയേരി ബാലകൃഷ്ണനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്.
നിലവില്‍ പാല സീറ്റില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് എല്‍ഡിഎഫിന്റെ പ്രധാന പ്രശ്നം. ഇന്ന് ചേരുന്ന യോഗത്തില്‍ പാല സീറ്റ് തര്‍ക്കവും വിവാദമായ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയിലെ ഭിന്നാഭിപ്രായങ്ങളും ചര്‍ച്ചയായേക്കും.
Content Highlight: Front expansion is the main agenda in the Critical LDF meeting