പ്രമേഹം, ഉയർന്ന രക്തസമ്മർദ്ധം, അർബുദം, വൃക്കരോഗം എന്നീ അസുഖങ്ങളുള്ള ആളുകളിൽ കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് കൂടുതലെന്ന് ആരോഗ്യവകുപ്പ്. ഡയാലിസിസ്, അർബുദ ചികിത്സ കേന്ദ്രങ്ങളിൽ അണുബാധ നിയന്ത്രണം ശക്തിപെടുത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലെ കൊവിഡ് മരണ അവലോകന റിപ്പോർട്ടിലാണ് ഈ നിർദേശങ്ങൾ ഉൾപെടുത്തിയിട്ടുള്ളത്.
ഓഗസ്റ്റ് മാസത്തിൽ സംഭവിച്ച 252 കൊവിഡ് മരണങ്ങളിൽ ഭൂരിഭാഗം ആളുകൾക്കും കൊവിഡിനു പുറമേ മറ്റ് അസുഖങ്ങളും ഉണ്ടായിരിന്നു. മരിച്ച 120 പേർ കടുത്ത പ്രമേഹം ഉള്ളവരായിരുന്നു. ഉയർന്ന രക്ത സമ്മർദ്ധം ഉണ്ടായിരുന്ന 116 പേർക്കും മരണം സംഭവിച്ചിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്ന 54 പേരും വൃക്ക രോഗികളായിരുന്ന 36 പേരും മരിച്ചു. 15 പേർക്ക് അർബുദ രോഗവുമുണ്ടായിരുന്നു. ഇത്തരത്തിലുള്ളവർ ചികിത്സക്കെത്തുന്ന ഇടങ്ങൾ അണുബാധ മുക്തമാക്കണമെന്നാണ് നിർദേശം.
റിവേഴ്സ് ക്വാറന്റൈനിൽ വരുത്തിയ വീഴ്ച കാരണം ഉണ്ടായത് 16 മരണങ്ങളാണ്. മരണ ശേഷം 13 പേരിലാണ് കൊവിഡ് കണ്ടെത്തിയത്. അതുകൊണ്ടു തന്നെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചാൽ കൊവിഡ് പരിശോധന നിർബന്ധമായും നടത്തണമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Content Highlights; covid death rate is high among diabetics patients