തിരുവനന്തപുരം: മാസങ്ങളോളം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമം നടന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ ശ്രമങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമേ ഉണ്ടാകൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ ശരിയല്ലാത്ത പെരുമാറ്റം കാണിച്ചാല്‍ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കെതിരെ ഡോക്ടര്‍ തന്നെ രംഗത്ത് വന്നത് വന്‍ വിവാദമായിരുന്നു. മൂന്ന് കുടുംബക്കാരാണ് ചികിത്സ പിഴവ് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഇത് പ്രകാരം പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഒരു ഘട്ടത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാക്കിയത് പ്രതിപക്ഷ പാര്‍ട്ടികളുടെ ആള്‍കൂട്ട സമരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധം തകര്‍ക്കുന്ന പ്രവര്‍ത്തിയാണ് സമരക്കാരില്‍ നിന്നുണ്ടായതെന്നും ആരോഗ്യ മന്ത്രി ആരോപിച്ചു. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ ഉമിനീരിലൂടെ രോഗം പടര്‍ന്നതാണ് കൂടുതല്‍ പേരിലേക്ക് കൊവിഡ് വ്യാപിക്കാന്‍ കാരണമായതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Content Highlight: K K Shailaja against allegations over health workers