ബിജെപിക്ക് ‘ഉള്ളിമാല’; വിലക്കയറ്റം തെരഞ്ഞെടുപ്പ് തന്ത്രമാക്കി ആര്‍ജെഡി

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോള്‍ ഉള്ളിവിലക്കയറ്റം രാഷ്ട്രീയ തന്ത്രമാക്കി ആര്‍ജെഡി. ഉള്ളിമാലയുമായാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മാധ്യമങ്ങളെ കണ്ടത്. ഉള്ളിമാല ബിജെപിക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ് സാധാരണക്കാരായ ജനങ്ങളുടെ ദുരിതം എണ്ണിപ്പറഞ്ഞാണ് ആര്‍ജെഡി വോട്ടഭ്യര്‍ത്ഥിക്കാന്‍ ഇറങ്ങിയത്.

‘വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണെന്നും ജോലിയും ബിസിനസും നിലച്ചതായും തേജസ്വി യാദവ് ട്വിറ്ററില്‍ കുറിച്ചു. കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും വ്യാപാരികളും ഭക്ഷണം കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. ചെറുകിട ബിസിനസുകാരെ ഇതിനകം ബി.ജെ.പി. തകര്‍ത്തുകളഞ്ഞു. വിലക്കയറ്റം വരുമ്പോള്‍ സവാളമാലയും ധരിച്ച് അവര്‍ ചുറ്റിത്തിരിയുകയാണ്. ഇപ്പോള്‍, ഞങ്ങളിത് അവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ് സവാള കൊരുത്ത മാല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം തേജസ്വി യാദവ് ട്വിറ്ററില്‍ പങ്കുവെച്ചു.

സവാള കിലോയ്ക്ക് 50-60 കടക്കുമ്പോള്‍ സംസാരിച്ചിരുന്നവരെല്ലാം വില എണ്‍പത് കടന്നപ്പോള്‍ നിശബ്ദരാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മറ്റന്നാള്‍ ജനം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് തേജസ്വിയുടെ ഉള്ളിമാല സമര്‍പ്പണം.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് എന്നിങ്ങളെ മൂന്നു ഘട്ടമായിട്ടാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ്. നവംബര്‍ പത്തിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്ന് ഉയര്‍ത്തിക്കാണിക്കാനാണ് തേജസ്വിയുടെ ശ്രമം.

Content Highlight: RJD’s Tejaswi Yadav’s Onion garland for BJP